UnlockMedia | Kerala's Best News Portal

എന്താണ് പൗരത്വ ഭേദഗതി ബില്‍, അറിയേണ്ടതെല്ലാം

 

1955ലെ പൗരത്വ നിയമമ ഭേദഗതി ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍. 1955 ലെ നിയമമനുസരിച്ച് രാജ്യത്ത് 11 വര്‍ഷം സ്ഥിരതാമസക്കാരായവരും പൗരത്വത്തിനു അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസം ഇന്ത്യയില്‍ ജീവിച്ചുവരുന്നവരുമായ ആളുകള്‍ക്ക് പൗരത്വം ലഭിക്കും. ഈ നിയമമാണ് ഭേദഗതി ചെയ്തത്. ഭേദഗതിപ്രകാരം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കും. അതായത് ഈ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കില്ല, എന്നുമാത്രമല്ല, ഈ മൂന്ന് രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിലുള്ള മുസ്ലിംകള്‍ക്കും പൗരത്വത്തിനു അവകാശമുണ്ടായിരിക്കുന്നതല്ല. ഇവിടെയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ വിവേചനപരമാണെന്നും രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നുവെന്നും പറയുന്നത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. 14ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഓരോ വ്യക്തിക്കും തുല്യാവകാശം ഉണ്ട്. ജാതി മത വംശീയ ലിംഗപരമോ ഒരു തരത്തിലും വിവേചനം ഉണ്ടാകരുതെന്ന് ഭരണഘടന പറയുന്നുണ്ട്. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടു എന്നതിന്റെ പേരില്‍ രാജ്യത്തിന്റെ പൗരത്വം ഇല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.
ഇതരരാജ്യത്ത് മതപരമായ വിവേചനവും പീഡനവും നേരിടുന്നവരെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സംഘ്പരിവാര്‍ വാദം. അങ്ങനെയാണെങ്കില്‍ മ്യാന്‍മറിലെ രോഹിംഗ്യന്‍ മുസ്ലിംകളെയോ പാകിസ്താനിലെ ശിയാ, അഹ്മദിയ്യാ മുസ്ലിംകളെയോ ശ്രീലങ്കയിലെ തമിഴ് വംശജരെയോ ഈ പരിഗണന നല്‍കി രാജ്യത്തെ പൗരത്വം നല്‍കുമോ എന്ന ചോദ്യത്തിന് ബി.ജെപിക്ക് ഉത്തരമില്ല. അവിടെയാണ് ബില്ലിന്റെ മതപരമായ മാനങ്ങള്‍ തെളിയുന്നത്. ഇതുകൊണ്ടാണ് ഈ ഭേദഗതി ബില്‍ വര്‍ഗീയ ബില്‍ ആണെന്ന് പറയുന്നത്.

ആരാണ് പൗരത്വത്തിന് അര്‍ഹരാകുന്നത് ? എന്നാണ് അവസാന തിയതി ?

2014, ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് ആറു വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരേ അനധികൃത താമസത്തിന് കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി)?

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന് പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍ രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു.

 

പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള ബന്ധം എന്താണ് ?

ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അര്‍ഹതയുള്ളവര്‍ പോലും പട്ടികയില്‍നിന്ന് പുറത്തുപോയെന്നായിരുന്നു ആരോപണം. ബംഗാളി ഹിന്ദുക്കള്‍ ആയിരുന്നു ഇങ്ങനെ പട്ടികയില്‍നിന്ന് പുറത്തുപോയത്. അതേസമയം ബംഗാളില്‍ ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് ഇത് തിരിച്ചടിയായി. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ വരുമ്പോള്‍ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തുപോവേണ്ടി വരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.

 

പൗരത്വവും പൗരത്വം നല്‍കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവികവല്‍ക്കരണത്തിലൂടെ ബില്‍ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധ മതക്കാര്‍, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി കുറച്ചിട്ടുണ്ട്.

എന്താണ് ഒ.സി.ഐ രജിസ്‌ട്രേഷന്‍?
അഥവാ വിദേശീയരായ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്‌ട്രേഷന്‍

പൗരത്വ നിയമം ലംഘിച്ചാല്‍ വിദേശിയായ ഇന്ത്യന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന ന്യാം എന്താണ്?

ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.

Exit mobile version