കോഴിക്കോട്: മുക്കത്തെ അനാഥശാലയിലേക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കൊണ്ടുവന്ന കുട്ടികളെ കുട്ടിക്കടത്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കേരള പൊലിസിന്റെ നടപടിക്കുള്ള മറുപടിയാണ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സമസ്ത. 2014 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സമയത്തായിരുന്നു സംഭവം നടന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും എം.കെ മുനീര്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായിരുന്ന 2014 മെയ് മാസത്തിലായിരുന്നു വിദ്യാഭ്യാസം നേടാനായി ബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ അറുന്നൂറോളം കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലിസും കസ്റ്റഡിയിലെടുത്തത്.
ബിഹാര്‍ സര്‍ക്കാര്‍ സംഭവം കുട്ടിക്കടത്തല്ലെന്നും രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് കേരളത്തിലേക്ക് പറഞ്ഞയച്ചതെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ അന്നത്തെ ആഭ്യന്തര മന്ത്രിയും സാമൂഹിക നീതി വകുപ്പ് മന്ത്രിയും മാപ്പുപറയണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
നൂറുകണക്കിന് അനാഥ കുഞ്ഞുങ്ങളെ കണ്ണീരു കുടിപ്പിച്ച, അവരുടെ അറിവും അന്നവും മുടക്കിയ ഗൂഢാലോചകരെ കയറൂരി വിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയുക തന്നെ വേണം, രണ്ട് പേരും പാര്‍ട്ടി ലീഡര്‍മാരായി, നിസ്വാര്‍ത്ഥ സേവകരായി നിയമസഭയിലുണ്ടാവുമ്പോള്‍ അതല്ലേ ഒരു മാന്യത എന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
വിഷയത്തില്‍ കുട്ടിക്കടത്ത് ഉത്തരവാദപ്പെട്ടവര്‍ മാപ്പുപറയണം എന്ന തലക്കെട്ടില്‍ സമസ്ത നടത്തുന്ന പത്രം സുപ്രഭാതത്തിലും ആര്‍ട്ടിക്കിള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
കുട്ടിക്കടത്തെന്ന ഇല്ലാത്ത ഒരു സംഭവം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുകയായിരുന്നു ചിലര്‍. വന്‍ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് പൂര്‍ണമായും ശരിവെക്കും വിധമാണ് ബിഹാര്‍ സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ചാരക്കേസ് പോലെ മനുഷ്യക്കടത്ത് കേസും വിസ്മൃതിയിലാവുകയാണ്.
അതേസമയം ഇതിന്റെ പേരില്‍ പൊതുസമൂഹത്തിനിടയില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും മാനേജ്‌മെന്റിനുമുണ്ടായ പരുക്ക് ചെറുതൊന്നുമല്ല. ഗൂഢ ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന വന്‍ റാക്കറ്റിനെ പിടികൂടി എന്ന തലക്കെട്ടിലായിരുന്നു ഈ വിഷയത്തെ ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് എന്നു തുടങ്ങുന്ന ലേഖനം നൂറുകണക്കിന് അനാഥ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുക വഴി അവരുടെ ഭാവി തകര്‍ക്കുകയും രണ്ടു പ്രമുഖ സ്ഥാപനങ്ങളെ പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാന്‍ കാരണക്കാരായവര്‍ പരസ്യമായി മാപ്പുപറയണം എന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ്. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് ലേഖനം എഴുതിയത്.
ലേഖനം ഇവിടെ വായിക്കാം