ഇസ്ലാമാബാദ്: രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരേ കടുത്ത നിലപാടെടുത്ത് പാകിസ്താന്‍. ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്താന്‍ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര പരിരക്ഷ അനുവദിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. രണ്ടാമതൊരിക്കല്‍ കൂടെ നയതന്ത്ര കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയ്ക്ക് അനുവാദം നല്‍കില്ല. വീണ്ടുമൊരു യോഗം ഉണ്ടാകില്ലെന്ന് പറഞ്ഞ വക്താവ് മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ തയാറായില്ല.
2016ല്‍ പാക്ക് തടവിലായതിനു ശേഷം അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമാബാദിലെ കോടതിയിലെത്തിയാണ് കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്തിയത്.
ചാരക്കേസ് ആരോപിച്ച് പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി കഴിഞ്ഞ ജൂലായ് മാസത്തില്‍ ഉത്തരവിട്ടിരുന്നു.
2016 ലാണ് ഇന്ത്യയുടെ നാവിക സേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു