റായിപൂര്‍: ചത്തീസ്ഗഡില്‍ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പൗരത്വപ്പട്ടിക തയാറാക്കുന്ന വിഷയത്തില്‍ ഒരു ഡോക്യമെന്റും സമര്‍പ്പിക്കാത്ത ആദ്യ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയില്‍ മഹാത്മാ ഗാന്ധി പൗരത്വം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. നമ്മള്‍ അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നത്. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തവെയാണ് ഭൂപേഷ് നയം വ്യക്തമാക്കിയത്.
ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആശയം കൊണ്ടുവന്നതും നടപ്പാക്കിയതും. ഇതാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഇത് അംഗാകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബംഗാളിലും എന്‍.ആര്‍.സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കേരളത്തിലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.