തങ്ങളുടെ എല്‍.ആര്‍.ഒ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തുമെങ്കിലും ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇരുട്ട് പരന്നതിനാല്‍ ഉപരിതലത്തിലെ എന്തെങ്കിലും ഒരു വസ്തുവിനെ തിരിച്ചറിയാനാകുന്ന വിധത്തില്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തുക വെല്ലുവിളിയായിരിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഓര്‍ബിറ്റര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒക്ക് നല്‍കുമെന്നും നാസ പ്രതികരിച്ചു.
നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്കിലെ മൂന്ന് കേന്ദ്രങ്ങളും ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡറുമായി ആശയ വിനിമയം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. സ്‌പെയിനിലെ മാഡ്രിഡ്, കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്റ്റോണ്‍, ഓസ്‌ട്രേലിയയിലെ കാന്‍ബെറ എന്നി കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ആന്റിനകള്‍ക്ക് ചന്ദ്രയാന്‍ 2വുമായി ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്.
ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ മൂന്ന് കേന്ദ്രങ്ങളില്‍നിന്നുമുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് എങ്കിലും വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ചന്ദ്രയാന്‍ 2ന് ചില സാങ്കേതിക സഹായങ്ങള്‍ നാസ നല്‍കിയിരുന്നു. ചന്ദ്രനിലേക്ക് ഭൂമിയില്‍നിന്നും കൃത്യമായ ദൂരം അളക്കുന്നതിന് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വിക്രം ലാന്‍ഡറില്‍ ഒരുക്കിയിരുന്നു. നാസയുടെ ഭാവി പദ്ധതികള്‍ക്കായുള്ള വഴികള്‍ തേടുക കൂടി ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം. അതാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.