ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദേശം കടമെടുത്താണ് അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ തിരിഞ്ഞത്.

അതേസമയം മുന്‍ ധനമന്ത്രി പി ചിദംബരത്തെ വ്യാഴാഴ്ച ദില്ലിയിലെ തിഹാര്‍ ജയിലിലേക്ക് അയച്ച രീതിയെയും അവര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ അദ്ദേഹത്തിന് മിനിമം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്. രാഷ്ട്രീയ കുടിപ്പകയെക്കാള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ രാജ്യത്തെ മുന്‍ ആഭ്യന്തര മന്ത്രിയെ സാധാരണ കുറ്റവാളിയെ പോലെ കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു തിരുത്തപ്പെടണം. ഐ.എന്‍.എക്‌സ് കേസില്‍ വാസ്തവത്തില്‍ എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല. നിയമം അതിന്റെ വഴയെ പോകും. എന്നാല്‍ ചിദംബരത്തെ തിഹാര്‍ ജയിലില്‍ താമസിപ്പിക്കുന്നതിനു പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. ജയിലധികൃതരും മറ്റുള്ളവരും അദ്ദേഹത്തിനു മിനിമം ബഹുമാനമെങ്കിലും നല്‍കണമെന്നും മമതാ ബാനല്‍ജി കൂട്ടിച്ചേര്‍ത്തു.

ആസമിലെ പൗരത്വ പട്ടികയും രാഷ്ട്രീയ കുടിപ്പകയുടെ മറ്റൊരു മുഖമാണ്. ഇതും രാജ്യത്തെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളെ വഴിതിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ അടവാണ്. ചാന്ദ്രയാന്‍ ദൗത്യവും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു.