ന്യൂഡല്‍ഹി: തിഹാര്‍ ജയിലിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കോടതി തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.
മുഗുള്‍ വാസ്‌നിക്, പി.സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡേ എന്നിവരടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ചിദംബരത്തെ കാണുന്നതില്‍ നിന്ന് വിലക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ചിദംബരത്തെ കാണാന്‍ തിരിച്ചതെന്ന് നേതാക്കളിലൊരാള്‍ പറഞ്ഞു.

ജയിലില്‍ ഇസഡ് കാറ്റഗറി സുരക്ഷയടക്കമുള്ള പ്രത്യേക പരിഗണനയിലാണ് ചിദംബരം കഴിയുന്നത്. നേരത്തെ ഇതിനായി പ്രത്യേക അപേക്ഷ കോടതിയില്‍ നല്‍കിയിരുന്നു. പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നിലവില്‍ തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ റൂമിലാണ് ചിദംബരം കഴിയുന്നത്.
നേരത്തെ സാമ്പത്തിക കുറ്റവാളികള്‍ക്കു വേണ്ടിയുള്ളതായിരുന്നു ഏഴാം നമ്പര്‍ ജയില്‍. ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായവരാണ് ഇവിടെയുള്ളത്. ജുഡിഷ്യല്‍ കാലാവധി കഴിയുന്ന സെപ്റ്റംബര്‍ 19 വരെ ജയിലില്‍ കഴിയേണ്ടിവരും. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കും ഈ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.

അതിനിടെ, ചിദംബരവുമായി എങ്ങനെയെങ്കിലും സംസാരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ചിദംബരത്തെ സന്ദർശിച്ചാൽ ഭാവി കാര്യങ്ങളിൽ ഇതനുസരിച്ചാകും കോൺഗ്രസ് തീരുമാനമെടുക്കുക. ജയിലിൽ സന്ദർശിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.