മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി ഭാര്യ സാക്ഷി സിങ് ധോണി രംഗത്ത്. വിരമിക്കല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സാക്ഷി ധോണി ട്വീറ്റ് ചെയ്തു. ഇന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ധോണിയുടെ വിരമിക്കല്‍ വിവാദത്തിന് തുടക്കമിട്ടത്.
‘ആ കളി മറക്കില്ല, അന്നു രാത്രി ഫിറ്റ്‌നെസ് ടെസ്റ്റിലെന്നപോലെ ധോണി എന്നെ ക്രീസിലിട്ട് ഓടിക്കുകയായിരുന്നു’, 2016 ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തിലെ ചിത്രമായിരുന്നു ഈ അടിക്കുറിപ്പോടെ കോലി പങ്കുവച്ചത്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ധോണിയുമായുള്ള അനുഭവം കോലി പങ്കുവയ്ക്കുമോ എന്ന സംശയവുമായി ചിലര്‍ രംഗത്തെത്തി. ഒടുവില്‍ ധോണി വിരമിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതിനിടയ്ക്ക് വൈകിട്ട് ഏഴു മണിക്ക് താരം വാര്‍ത്താസമ്മേളനം നടത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ പരന്നു. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാര്യ സാക്ഷി സിങ് ധോണിയും ബി.സി.സി.ഐ മുഖ്യസെലക്ടര്‍ എം.എസ്.കെ പ്രസാദും പ്രതികരിച്ചതോടെ വിവാദവും അവസാനിച്ചു.
ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തെറ്റാണെന്നു എം.എസ്.കെ പ്രസാദ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹേന്ദ്ര സിങ് ധോണി ഇതുവരെ ബി.സി.സി.ഐയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.