UnlockMedia | Kerala's Best News Portal

പൊറിഞ്ചു മറിയം ജോസ് പൂണൂലിട്ട തൃശൂര്‍ ക്രിസ്ത്യാനി പടം

കോഴിക്കോട്: ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തെ ഒറ്റവാക്കില്‍ ഒതുക്കിയാല്‍ പൂണൂലിട്ട തൃശൂര്‍ ക്രിസ്ത്യാനി പടമായേ തോന്നൂവെന്ന് നിയമവിദ്യാര്‍ഥിനി ശംന ഷെറിന്‍. തന്റെ ഫേസ്ബുക്ക് വാളിലാണ് സിനിമയെ കുറിച്ച് സുദീര്‍ഘമായ പോസ്റ്റിട്ടത്. സമൂഹത്തിന്റെ പകര്‍ത്തിവരയാണ് സിനിമകള്‍. പക്ഷെ പോസ്റ്റ് മോഡേണ്‍ സിനിമ സമൂഹത്തിലെ ജാതിവ്യവസ്ഥയെയും സ്ത്രീ വിരുദ്ധതയെയും ഊട്ടിയുറപ്പിക്കുന്നതല്ല, അതൊക്കെ കടപുഴക്കിയെറിക്കാന്‍ തക്കവണ്ണമുള്ള അവബോധം, പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഈയടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ കണ്ടാലെങ്കിലും സംവിധായകന് മനസിലാകുമായിരുന്നു. വ്യവസ്ഥയെ ചിത്രീകരിക്കുന്നത് തെറ്റല്ല, പക്ഷെ സിനിമയുടെ ഒടുക്കം അരികുവത്കരിക്കപ്പെട്ടു പോയ മനുഷ്യര്‍ക്ക് നീതി കിട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ അവിടെയാണ് പൊളിറ്റിക്കലി ഒരു സിനിമ കറക്റ്റ് ആവുന്നതെന്നും ശംന തന്റെ കുറിപ്പില്‍ പറയുന്നു.


കുറിപ്പ് പൂര്‍ണമായും വായിക്കാം

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കാണുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഉള്ള ഒരു പടമായിരിക്കും എന്ന പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു. പക്ഷെ കമ്മട്ടിപ്പാടവും കുമ്പളങ്ങിയും സുഡാനിയും തൊണ്ടിമുതലുമൊക്കെ അരങ്ങു വാഴുന്ന കാലത്ത്, വലിയ സിനിമാ നിരൂപകരൊന്നുമല്ലാത്ത സാധാരണ സിനിമാ പ്രേക്ഷകര്‍ക്ക് താരതമ്യേന കഥാപാത്രങ്ങളിലെ അരികുവത്കരണവും കഥാപാത്ര നിര്‍മിതിയുടെ സാമൂഹ്യ മാനങ്ങളുമെല്ലാം അളന്നു പരിശോധിക്കാന്‍ തക്കവണ്ണമുള്ള സെന്‍സ് ഉണ്ടെന്ന് പൊറിഞ്ചു മോഡില്‍ ലേലവും ധ്രുവവും നാടുവാഴികളുമെല്ലാം ബിഗ്‌സ്‌ക്രീനിലേക്കെത്തിച്ച ജോഷി സാറിന് മനസിലാക്കാന്‍ കഴിയാതെ പോയി.

പൂണൂലിട്ട തൃശൂര്‍ ക്രിസ്ത്യാനിപടമെന്ന് ഒറ്റ വാക്കില്‍ പറയാം. ആലപ്പാട്ടെ വര്‍ഗീസ് മാപ്ല, മാളക്കാരന്‍ ജോസഫ്, ഇവരില്‍ നിന്നൊക്കെ ബീഡക്കാരന്‍ ജോയിയുടെ മകന്‍ പൊറിഞ്ചു വ്യത്യസ്തനാകുന്നത് അവന്റെ തടിമിടുക്ക് കൊണ്ടോ നല്ല മനസു കൊണ്ടോ ഒന്നും ആണെന്നല്ല സിനിമ സ്ഥാപിക്കുന്നത്. അത് അദൃശ്യമായ അസ്പൃശ്യമായ ജാതിവ്യവസ്ഥ കൊണ്ടാണ്. ഇതേ സാമൂഹിക നീതി കൊണ്ടാണ് ക്ലാസില്‍ ഒന്നാമനായ പൊറിഞ്ചുവിന് പഠിപ്പു നിര്‍ത്തേണ്ടി വരുന്നത്.ആ ശ്രേണിയില്‍ നിന്നൊട്ടും വ്യത്യസ്തനല്ലാത്ത ജോസ് ആണ് അന്നും പിന്നീടെപ്പോഴും അവനു താങ്ങായും തണലായും നിറഞ്ഞു നില്‍ക്കുന്നത്. മറിയത്തിന്റെ അപ്പന്‍ മരിച്ചത് കെട്ടിത്തൂങ്ങിയല്ല,ജാതീല്‍ താഴ്ന്നവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ അപ്പന്‍ ചത്തു കളയുവെടീ ന്നും പറഞ്ഞു മരത്തേല്‍ കയറിട്ടു കണ്ണീര്‍ നാടകം കളിക്കുമ്പോള്‍ ഉറുമ്പു കടിച്ചാണെന്ന്, നീയാവനെ ഒറ്റക്കക്കല്ലേടീ എന്ന് മറിയത്തോട് ആണയിട്ട് പറയുന്നത് ഇതേ ജോസ് ആണ്.പള്ളിപ്പെരുന്നാളിന് ബാന്‍ഡ് താളത്തില്‍ ഡിസ്‌ക്കോ കളിക്കുന്ന ജോസ്. കുടിക്കാനും വലിക്കാനും കൂട്ടു കിടക്കാനും തോളേല്‍ കയ്യിട്ട് തെറി പറയാനും പൊറിഞ്ചു ഇല്ലാതെ കഴിയാത്ത ജോസ്. കുടുംബം നോക്കാത്ത ജോസ്. മരിക്കാന്‍ കെടക്കുമ്പോ അയാളുടെ കയ്യിന്ന് ആദ്യായിട്ട് ഭാര്യക്കും മകള്‍ക്കും വാങ്ങിയ പെരുന്നാളുടുപ്പ് ചോരയില്‍ പൂണ്ടു പോണുണ്ട്.ഒരു ബീഡി വലിച്ചു പുക വിടുക, മറിയത്തെ പൊറിഞ്ചുവിന്റെ പെണ്ണായി കാണുക എന്നിങ്ങനെ ഒന്നോ രണ്ടോ ആഗ്രഹങ്ങള്‍ മാത്രമാണ് ജോസിന്റെ അന്ത്യാഭിലാഷങ്ങള്‍.

സൗഹൃദത്തിന്റെ തെളിമയും നാട്ടിന്‍ പുറ നന്മയുമൊക്കെ തലയ്ക്ക് പിടിച്ചിരിക്കുന്ന പ്രേക്ഷകന് നാട്ടിലെ ധനാഢ്യനായ ഐപ്പ് ചേട്ടന്റെ വലം കയ്യാണ് പൊറിഞ്ചു എന്നറിയുമ്പോ, ഐപ്പിനെ തല്ലാന്‍ വരുന്നവരെ ഒറ്റയ്ക്ക് നേരിടുന്ന പൊറിഞ്ചുവിനെ കാണുമ്പോ, മറിയത്തിലെ ബോള്‍ഡ് ആയ സ്ത്രീയെ കാണുമ്പോ ഒക്കെ കയ്യടിക്കാന്‍ കൈ തരിയ്ക്കും. പക്ഷെ ഐപ്പ് ചേട്ടന്റെ വളര്‍ത്തു നായ്ക്ക് പൊറിഞ്ചു ഇട്ടു കൊടുക്കുന്ന ഇറച്ചിക്കഷ്ണത്തില്‍ അയിത്തമുണ്ടെന്ന് കാണുമ്പോള്‍, സവര്‍ണനായ നായ് തല തിരിക്കുന്നത് കാണുമ്പോ,
‘അവന്‍ വീട്ടീന്ന് കൊടുക്കുന്നത് മാത്രേ കഴിക്കുള്ളു.. തറവാടിയാ ‘ന്ന് പറയുമ്പോ കൂട്ടിയടിക്കാന്‍ വെച്ച കൈ വലിയും.

അവനെ ഐപ്പിന്റെ വീട്ടിലെ ടേബിളില്‍ ഇരുത്തി ഭക്ഷണം കഴിപ്പിക്കരുതെന്ന് മക്കള്‍ പറയുമ്പോ, ബീഡക്കാരന്റെ മോനായത് കൊണ്ട് മാത്രം തറവാടിയായ പെണ്ണിനെ വരിക്കാന്‍ യോഗമില്ലാതെ പോയ അവനെ കാണുമ്പോ, കെട്ടിത്തൂങ്ങിച്ചത്ത അച്ഛനെ ഓര്‍ത്തു ജീവിത കാലം മുഴുവന്‍ അവനു നേരെ വാതിലടക്കുന്ന ബോള്‍ഡ് മറിയയെ കാണുമ്പോ,പെണ്ണിന്റെ മൂട്ടിലും മുലയിലും പിടിക്കാന്‍ അനുവാദമുള്ള അത് ചോദ്യം ചെയ്തവര്‍ക്ക് ശവപ്പെട്ടി പണിതയക്കുന്ന, അവരെ വെട്ടിയും കുത്തിയും കൊല്ലുന്ന സവര്‍ണന്റെ മാലയുടെയും ജുബ്ബയുടെയും തിളക്കം കാണുമ്പോള്‍, ‘ജോസിനെപ്പോലെ ആണോടാ ഐപ്പിന്റെ കൊച്ചുമോന്‍ !’ എന്ന് സവര്‍ണ്ണന്‍ ദളിതനോട് ആര്‍ത്തലക്കുമ്പോള്‍, കത്തിമുനയില്‍ പിടയുന്ന അവന്‍ ഐപ്പ് ചേട്ടന്‍ പൊക്കോ എന്നും പറഞ്ഞു കൊലയാളിയെ വെറുതെ വിടുമ്പോള്‍,കൂട്ടുകാരന്റെ കുഴിമാടത്തിനരികെ നനഞ്ഞു കുത്തിയിരിക്കുന്നവനെ കാണുമ്പോള്‍, അവസാനം ജീവിതകാലം മുഴുവന്‍ തിരിച്ചറിയാതെ പോയ വിശുദ്ധ പ്രേമത്തിന്റെ കല്ലറയില്‍ ഒരു പെണ്ണ് പൂ വെയ്ക്കുമ്പോള്‍, അതേ കല്ലറയില്‍ തന്നെ അവളെ അടക്കാന്‍ പേര് കൊത്തിക്കുമ്പോള്‍, ഒരു റിയലിസ്റ്റിക് റൊമാന്റിക് ഡ്രാമയായി ഇത് മാറുമെന്ന് ജോഷിസാര്‍ കരുതിയിരിക്കണം.

സമൂഹത്തിന്റെ പകര്‍ത്തിവരയാണ് സിനിമകള്‍. പക്ഷെ പോസ്റ്റ് മോഡേണ്‍ സിനിമ സമൂഹത്തിലെ ജാതിവ്യവസ്ഥയെയും സ്ത്രീ വിരുദ്ധതയെയും ഊട്ടിയുറപ്പിക്കുന്നതല്ല, അതൊക്കെ കടപുഴക്കിയെറിക്കാന്‍ തക്ക വണ്ണമുള്ള അവബോധം, പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഈയടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ കണ്ടാലെങ്കിലും സംവിധായകന് മനസിലാകുമായിരുന്നു. വ്യവസ്ഥയെ ചിത്രീകരിക്കുന്നത് തെറ്റല്ല, പക്ഷെ സിനിമയുടെ ഒടുക്കം അരികുവത്കരിക്കപ്പെട്ടു പോയമനുഷ്യര്‍ ക്ക് നീതി കിട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ അവിടെയാണ് പൊളിറ്റിക്കലി ഒരു സിനിമ കറക്റ്റ് ആവുന്നത്. ആണധികാരത്തോട് വാളെടുത്തു വീശിയത് കൊണ്ട് മാത്രം ഒരു പെണ്ണും ബോള്‍ഡ് ആകുന്നില്ല. ‘സ്‌നേഹം ണ്ടല്ലോ.. അത് കിട്ടീലെല്‍ പിന്നെ ഒരുപ്പോക്കാ ‘എന്ന് പറയുന്നവനോട് ഉള്ള സ്‌നേഹം പ്രകടിപ്പിക്കാതെ ആയുഷ്‌കാലം മുഴുവന്‍ കയിലും കുത്തി നടത്തിച്ചു ഒരേ കല്ലറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രണയം ഇനി കാണണമെങ്കില്‍ മലയാള സിനിമ തൊണ്ണൂറുകളിലേക്കും എണ്പതുകളിലേക്കും എഴുപതുകളിലേക്കുമൊക്കെ പിന്നാക്കം ചെല്ലണം. ചരിത്രത്തില്‍, അത് സിനിമയുടേതായാലും റിയാലിറ്റിയുടേതായാലും ദളിതന്റെ, ദരിദ്രന്റെ കണ്ണീരുണ്ട്, രക്തമുണ്ട്, പൂക്കാതെ പോയ പ്രണയമുണ്ട്. അതിനോടൊക്കെയും ഇനിയെങ്കിലും നമ്മള്‍ നീതി കാണിച്ചില്ലെങ്കില്‍ പിന്നെപ്പോഴാണ്….

Exit mobile version