വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും

കോഴിക്കോട്: രാജ്യത്ത് വിഭജനാന്തരീക്ഷം സൃഷ്ടിച്ച് രാജ്യസഭ പാസാക്കിയ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഉത്തരേന്ത്യയിലെ അസമിലും ത്രിപുരയിലും തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കോളജ് വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങി.


സംസ്ഥാനത്ത് കലാലയങ്ങളില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ട് കോഴിക്കോട് ഫാറൂഖ് കോളജില്‍ ലോങ് മാര്‍ച്ച് നടത്തി. പിന്തുണയുമായി അധ്യാപകരും രംഗത്തെത്തിയതോടെ പ്രക്ഷോഭം തെരുവിലേക്ക് നീണ്ടു. ക്ലാസുകള്‍ ബഹിഷ്‌കരിച്ചായിരുന്നു വിദ്യാര്‍ഥികള്‍ ലോങ് മാര്‍ച്ച് നടത്തിയത്. എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേര്‍ണിറ്റി, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും മാര്‍ച്ചിന് പിന്തുണയുമായെത്തി. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ച് ചുങ്കം ദേശീയപാതയിലെത്തിയതോടെ ഗതാഗതവും സ്തംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിക്കരുതെന്ന് പൊലിസ് പറഞ്ഞുവെങ്കിലും വിദ്യാര്‍ഥികള്‍ പിന്മാറാന്‍ തയാറായില്ല. വിദ്യാര്‍ഥികളുടെ ലോങ് മാര്‍ച്ചിന് പിന്നാലെ പിന്തുണയുമായി അധ്യാപകര്‍ കാംപസില്‍ മുദ്രാവാക്യമുയര്‍ത്തി.


അതേസമയം ജാമിഅ മില്ലിയ്യ അലിഗഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. വരും ദിവസങ്ങളില്‍ പൗരത്വ ബില്ലിനെതിരേ കലാലയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നാണ് കരുതുന്നത്.