ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായി. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ശിവസേനയും ബി.എസ്.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. നേരത്തെ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന സിപിഎം എം.പി കെ.കെ രാഗേഷിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി.
ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാക് പ്രധാനമന്ത്രിയുടെ സ്വരമെന്നാണ് ചര്‍ച്ചക്ക് മറുപടിയായി ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. ഈ ബില്‍ വെറുതെ കൊണ്ടുവന്നതല്ല, ചരിത്രപരമായ തെറ്റുതിരുത്തുകയാണ് ചെയ്തത്. മതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചതിനാലാണ് കോണ്‍ഗ്രസ് ബില്ല് കൊണ്ടുവന്നത്, 50 വര്‍ഷം മുമ്ബുകൊണ്ടുവന്നിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് അയല്‍രാജ്യങ്ങള്‍ പാലിച്ചില്ല, ന്യൂനപക്ഷങ്ങളെ അടിച്ചോടിക്കുകയാണ് അയല്‍രാജ്യങ്ങള്‍ ചെയ്തത്, ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്, അതാണിപ്പോള്‍ ലങ്കയെ ഒഴിവാക്കിയത്, അയല്‍പക്കത്തുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണിത്, ഇതില്‍ മുസ് ലിംകളെ ഉള്‍കൊള്ളിക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെ അവഗണിച്ചാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്‍ ലോക്‌സഭ കടന്നത്. പാകിസ്താന്‍, ബംഗഌദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി.