അമേഷ് കെ.എ
—————————
‘മരണമല’ വളരെ വ്യത്യസ്തമായ ഒരു പേരല്ലേ? സത്യം പറഞ്ഞാല്‍ ഈ പേരിനോട് ഒരു കൗതുകം തോന്നിയതു കൊണ്ടാണ് കൊല്ലി ഹില്‍ (മരണമല ) എന്നെങ്കിലുമൊരിക്കല്‍ ബൈക്കില്‍ പോകണമെന്ന് മനസില്‍ ഉറപ്പിച്ചത്.
70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കൊല്ലിമല. നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലിമല. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. കൊല്ലിമലയുടെ മുകളിലെ ആകാശഗംഗ വെള്ളച്ചാട്ടവും ഒരു പ്രത്യേക ആകര്‍ഷണമാണ്. അപ്പോള്‍ ഈ പറഞ്ഞു വന്നതാണ് കൊല്ലിമലയുടെ ഏകദേശ രൂപം .
കൊല്ലിമല ബൈക്ക് റൈഡ്
കൂട്ടുകാര്‍ പോയ ചിത്രങ്ങളും അനുഭവങ്ങളും കേട്ടറിഞ്ഞപ്പോള്‍ തൊട്ട് മനസ്സില്‍ ഉറപ്പിച്ചതാണ് കൊല്ലിമല യാത്ര. അങ്ങനെ നല്ലൊരു ഓണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ കൊല്ലിമല വിട്ടു. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി തൃശൂര്‍ പാലക്കാട് കോയമ്പത്തൂര്‍ ഹൈവേയില്‍ 6080 സ്പീഡില്‍ ബൈക്ക് പായിച്ചു. തണുത്ത കാറ്റും കൊണ്ട് അതിരാവിലെ തന്നെ പാലക്കാട്-കോയമ്പത്തൂര്‍ പാസ്സ് വഴിയുള്ള ബൈക്ക് റൈഡ് ഒരു രസമാണ്. വഴിയില്‍ എവിടെയോ നിര്‍ത്തി രാവിലത്തെ ഭകഷണം കഴിച്ച് നാമക്കല്‍ ലക്ഷ്യമാക്കി വണ്ടി വിട്ടു.
കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍ നാലുവരി പാതയൊക്കെ മാറി. തമിഴ്‌നാടന്‍ ഗ്രാമക്കാഴ്ചകളിലൂടെ റോഡ് അങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുന്നു. തനി കര്‍ഷക ഗ്രാമങ്ങള്‍. തമിഴ്‌നാട്ടിലെ മുഖമുദ്രയായ ബൈക്കില്‍ ഒരു കുടുബം മുഴുവന്‍ അവരുടെ സാധനങ്ങളുമായി പോകുന്ന കാഴ്ച്ച.
നാമക്കല്‍ ടൗണ്‍ എത്തുമ്പോള്‍ തന്നെ, ടൗണിന് ഒത്ത നടുക്കായി തന്നെ ഒരു കുന്നിന് മുകളില്‍ വലിയ ഒരു കോട്ട കാണാം.
നാമക്കല്‍ ഫോര്‍ട്ട്
17 ആം നൂറ്റാണ്ടില്‍ തിരുമലൈ നായകിന്റെ ഭരണകാലത്ത് അദ്ദേഹം നിര്‍മിച്ചതാണ് ഫോര്‍ട്ട്. 75 മീറ്റര്‍ ഉയരത്തിലായി ഒറ്റ പാറയിലാണ് കോട്ട പണിതുയര്‍ത്തിയിരിക്കുന്നത്. ഒരു ക്ഷേത്രവും മോസ്‌കും കോട്ടയ്ക്കുള്ളില്‍ കാണാന്‍ കഴിയും. നാമക്കല്‍ ലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ് നാമക്കല്‍ ഫോര്‍ട്ട്.
കോട്ട കണ്ട് പുറത്തിറങ്ങി. ഇനി നമ്മുടെ പ്രധാന ലക്ഷ്യ സ്ഥാനം കൊല്ലിമല. നാമക്കല്‍ കഴിഞ്ഞ് സെന്തമംഗലത്തു നിന്ന് 30 കിലോമീറ്റര്‍. ഈ 30 കിലോമീറ്ററിന് ഇടയിലാണ് 70 കൊടും വളവുകള്‍. അത് താണ്ടിവേണം കൊല്ലിമലയുടെ ടോപിലെത്താന്‍. ആകാംഷയോടെ ബൈക്ക് പറപ്പിച്ചു.
ചുരം കയറിത്തുടങ്ങി, ബൈക്കേഴ്‌സിനെ ധാരാളം ചുരം റോഡില്‍ കാണാം. ഒരു കൂട്ടം ബൈക്കേഴ്‌സിന്റെ കൂടെ ഞാനും കൂടി. കുടുകുടു ശബ്ദത്തില്‍ കാടു മുഴക്കി വളവുകള്‍ ഓരോന്നും കേറി തുടങ്ങി. ഓരോ 200 മീറ്ററിലും ഓരോ വളവുകള്‍. താഴെ കാഴ്ചകള്‍ കിട്ടുന്ന 2, 3 വ്യൂപോയിന്റ് മാത്രമാണ് കയറിവരുന്ന വഴിയിലുള്ളു. ചുരം കയറി ചെല്ലുന്നത് സെമ്മടു സിറ്റിയിലോട്ട് ആണ്. സിറ്റിയിലോട്ട് എത്തുന്നതിന് മുന്നേ അനവധി ചെറിയ ക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കും. കൊല്ലിപ്പാവെ അമ്മന്‍ ക്ഷേത്രം, മുരുകന്‍ ക്ഷേത്രം…. ക്ഷേത്രത്തില്‍ നിന്നുള്ള മണിയൊച്ചകള്‍ മലമുഴക്കി അങ്ങനെ കടന്ന് പോകുന്നത് കാതോര്‍ത്ത് പിടിച്ചാല്‍ കേള്‍ക്കാം. ഒരു ചെറിയ ടൗണ്‍. സെമ്മടു സിറ്റിയില്‍ ഹോട്ടല്‍, റൂം സ്റ്റേ, പെട്രോള്‍ പമ്പ്, ഹോസ്പിറ്റല്‍ എല്ലാം സൗകര്യങ്ങളും ലഭ്യമാണ്.
കൊല്ലിമലയിലെ മറ്റൊരു ആകര്‍ഷണമാണ് ആകാശഗംഗ വെള്ളച്ചാട്ടം. നാല് വശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട വെള്ളച്ചാട്ടം നല്ല ഉയരത്തില്‍ നിന്ന് തന്നെയാണ് താഴോട്ട് പതിക്കുന്നത്. ഏതാണ്ട് ആയിരത്തിലേറെ പടികള്‍ ഇറങ്ങിവേണം വെള്ളച്ചാട്ടത്തിന്റെ അടിയില്‍ എത്തുവാന്‍. ആകാശഗംഗ വെള്ളച്ചാട്ടവും കണ്ട് കൊല്ലിമലയോട് യാത്രയും പറഞ് ചുരം ഇറങ്ങി. ഇനി യാത്ര ആദി യോഗിയിലേക്കാണ്. ആദിയോഗിയും ഇഷയോഗ ആശ്രമവും മനസ്സില്‍ മിന്നി മിന്നി മാഞ്ഞ്‌കൊണ്ടിരുന്നു. ആദിയോഗിയെ നേരില്‍ കാണുന്ന നിമിഷങ്ങള്‍ക്കായ് ബൈക്ക് ധൃതിയില്‍ പായിച്ചു. ?
ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു, ബൈക്ക് റൈഡിന് പറ്റിയ ബെസ്റ്റ് സ്ഥലം തന്നെയാണ് കോലിഹില്‍ അഥവാ മരണമല. ബൈക്ക് ഓടിക്കാന്‍ ഹരവും ചെറിയ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഒരു മനസുമുണ്ടെങ്കില്‍ കൂട്ടുകാര്‍ക്ക് കൊല്ലിമല വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും സമ്മാനിക്കുക. അല്ലാത്തപക്ഷം കൂട്ടുകാര്‍ക്ക് കൊല്ലിമല മടുപ്പായി തോന്നാം.