ബംഗളൂരു: അസുഖബാധിതയായ മാതാവിനെ കാണാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ സക്കറിയയുടെ ഹരജി പ്രത്യേക കോടതി തള്ളി. ബംഗളൂരു സ്ഫോടനകേസിൽ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയാണ് സക്കറിയ.
ജമ്മു-കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സകരിയ്യ 2008ൽ നടന്ന ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എട്ടാം പ്രതിയാണ്. 10 വർഷത്തിലേറെയായി വിചാരണത്തടവുകാരനായി കഴിയുകയാണ്. മാതാവ് ബിയ്യുമ്മയെ കാണാൻ അനുമതി തേടിയാണ് സകറിയ്യ ജാമ്യഹരജി നൽകിയിരുന്നത്. എന്നാൽ, കേരളത്തിലേക്കും തിരിച്ചും സകരിയ്യക്ക് അകമ്പടിയേകാൻ പൊലീസുകാരെ ഇൗ സാഹചര്യത്തിൽ അനുവദിക്കാനാവില്ലെന്നും അതിനാൽ ജാമ്യം നൽകാനാവില്ലെന്നും പ്രത്യേക വിചാരണ കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി പറഞ്ഞു.
ബംഗളൂരു നഗരത്തിൽ സിറ്റി പൊലീസ് കമീഷണർ അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പൊലീസുകാരെ മുഴുവൻ നഗരത്തിലെ ക്രമസമാധാന പാലനത്തിന് നിയോഗിച്ചതിനാൽ പ്രതിയുടെ സുരക്ഷക്കായി പൊലീസുകാരെ അകമ്പടിയായി അയക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.