ന്യൂഡല്‍ഹി: രാജ്യത്തെ വാഹനവിപണി വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ വാഹന വിപണിയില്‍ കാണിക്കുന്നത്. ഇതു ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവുംകൂടിയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (SIAM ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

തുടര്‍ച്ചയായ പത്താം മാസവും വാഹന വിപണി കനത്ത ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ വാഹന വില്പനയില്‍ 31.57% ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കാര്‍ വില്‍പന കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ 41.09 ശതമാനം ഇടിഞ്ഞു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഫാമിലി കാര്‍ വിപണി.

ഇരുചക്ര വാഹനവിപണിയില്‍ 22.24 ശതമാനം ഇടിവും വാണിജ്യവാഹനങ്ങളുടെ വില്‍പനയില്‍ 38.71 ശതമാനം ഇടിവുമാണ് കണക്കുപ്രകാരം സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. മാരുതി സുസുക്കി വില്‍പന 36.14, ഹ്യുണ്ടായി 16.58, മഹിന്ദ്ര 31.58 എന്നിങ്ങനെ ശതമാനമാണ് ഇടിവുണ്ടായത്. വിപണിയിലെ ഇടിവുകാരണം അശോക് ലെയ്‌ലാന്‍ഡിന്റെ അഞ്ചു പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചിടാനൊരുങ്ങുകയാണ്.