UnlockMedia | Kerala's Best News Portal

രാഷ്ട്രപതി ഗവര്‍ണറെ തിരിച്ചുവിളിക്കണം നിയമസഭയില്‍ പ്രമേയമവതരിപ്പിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയുടെ അന്തസിനെപോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടിസ് നല്‍കി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ല. ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സംസ്ഥാന നിയമസഭ ഇതിന് മുമ്പുംപ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത്.നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്നാണ് തോന്നുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേല്‍ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണ്. ഗവര്‍ണറെ കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താനോ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Exit mobile version