UnlockMedia | Kerala's Best News Portal

ലഡാക്കില്‍ കാത്തിരിക്കുന്ന എട്ടിന്റെ പണികള്‍

ജോസ്‌ന ഷാരോണ്‍
——————

ലഡാക് സുന്ദരമാണ്. പക്ഷെ കേരളമല്ല ലഡാക്. ഇവിടുത്തെ ഓക്‌സിജന്‍ ലെവല്‍, വായുവിലെ ഈര്‍പ്പം, ഇവയെല്ലാം വളരെ കുറവാണ്. നിലവിലെ സാഹചര്യത്തില്‍ മണാലി വഴി റോഡ് മാര്‍ഗം, അല്ലെങ്കില്‍ ലേയിലേക്കു നേരിട്ട് ഫ്‌ളൈറ്റ് മാര്‍ഗമാണ് ലേയില്‍ എത്താനുള്ള രണ്ടു വഴികള്‍. ഫ്‌ളൈറ്റ് വഴി വരികയാണെങ്കില്‍ പ്രത്യേകിച്ച് ആസ്ത്മ, ബി.പി മുതലായ ആരോഗ്യ പ്രശ്‌നം ഉള്ളവരാണെങ്കില്‍ ഡോക്ടറെ കണ്ടു അഭിപ്രായം തേടിയതിനു ശേഷം ലേയിലേക്ക് വരുക.
ഡൈമോക്‌സ് മുതലായ ടാബ്ലെറ്റുകളാണ് കൂടുതല്‍ പേരും റെക്കമെന്റ് ചെയ്യുന്നത്. അല്ലാത്തവര്‍ നല്ലവണ്ണം വെള്ളം കുടിക്കുക. കുറഞ്ഞത് നാലു ലിറ്റര്‍. വരുന്നതിനു രണ്ടു ദിവസം മുന്‍പും വന്നു രണ്ടു മുതല്‍ മൂന്നു ദിവസം വരെയും ഇതു തുടരുക. പിന്നീട് രണ്ടോ മൂന്നോ ലിറ്റര്‍ കുടിച്ചാല്‍ മതിയാകും. വെള്ളം ആവശ്യത്തിന് കുടിച്ചാല്‍ ഓക്‌സിജന്‍ മാസ്‌ക്കൊക്കെ വെറും കോമഡിയാകും. സണ്‍ഗ്ലാസ് മറക്കരുത്. കണ്ണടിച്ചു പോകും അല്ലെങ്കില്‍. ഡസ്റ്റ് മാസ്‌കും അത്യാവശ്യം

ഭക്ഷണം സൂക്ഷ്മതയോടെ

മണാലി വഴി റോഡ് മാര്‍ഗം വരുന്നവര്‍ക്കും വെള്ളം കുടി ബാധകമാണ്. വണ്ടികളെല്ലാം ബസ് ആയാലും ഷെയര്‍ ടാക്‌സി ആയാലും ഇടക്കൊക്കെ നിര്‍ത്തിത്തരുന്നത്‌കൊണ്ട് മറ്റുള്ള ശങ്കളൊന്നും വേണ്ട. വരുന്ന വഴിക്ക് കിട്ടുന്നതെല്ലാം വലിച്ചു തിന്നരുത്, ഈ എന്നെപ്പോലെ, പണി കിട്ടും.. പനി, വയറിളക്കം, തലവേദന മുതലായവ. ഫ്രൂട്‌സും ഡ്രൈ ഫ്രൂട്‌സും വെള്ളവും പെര്‍ഫെക്റ്റ് ചോയ്‌സ് ആണ്. തണുപ്പിന് സിഗരറ്റ് വേണ്ട. ഈ യാത്രയില്‍ അതൊഴിവാക്കുന്നതാണ് ഉത്തമവും. ചായ, കോഫീ, സൂപ്പ് എന്നിവ ആകാം.

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പണികിട്ടും

ബൈക്ക് നല്ലവണ്ണം ഓടിക്കാനറിയാമെങ്കില്‍ മാത്രം റെന്റ് ബൈക്ക് എടുത്തു വരുക. മണാലി മുതല്‍ ലേഹ് വരെ 473 കിലോമീറ്റര്‍ ദൂരമെന്നത് 1000 കിലോമീറ്റര്‍ ആയി കൂട്ടണം. റോഡ് മോശമാണ്. കൊടും തണുപ്പ്, മഞ്ഞു വീഴ്ച, കാറ്റ്, മഴ എന്നിവ തീര്‍ച്ചയായും പ്രതീഷിക്കാം. ഹെല്‍മെറ്റ് ചെക്ക് ചെയ്യാനായി ആരുമുണ്ടാകില്ല. എന്നാല്‍ ഹെല്‍മെറ്റ് വക്കാതിരുന്നാല്‍ 8+8=16 ന്റെ പണി കിട്ടും. ഇങ്ങോട്ടു വരും വഴി ഹെല്‍മെറ്റ് ഊരിവച്ച് പ്രകൃതി ഭംഗി ആസ്വദിയ്ക്കാന്‍ നിന്ന ഒരു സുഹൃത്തിന്റെ തലയില്‍ കല്ല് (shooting stone) വീണു പണികിട്ടിയത് അടുത്താണ്. ബൈക്കില്‍ കയറുമ്പോള്‍ വയ്ക്കുന്ന ഹെല്‍മെറ്റ് ഇവിടെ വന്നിട്ട് ഊരിയാല്‍ മതി.

റൂമും സിമ്മും

മണാലിയില്‍നിന്ന് ഒറ്റദിവസം കൊണ്ട് മാരത്തണ്‍ നടത്താതെ രണ്ടു ദിവസം കൊണ്ട് വന്നാല്‍ സ്ഥലങ്ങളും കാണാം. ശരീരവും നന്നായിരിക്കും. ഇപ്പോഴത്തെ തിരക്ക് കുറഞ്ഞ അവസ്ഥയില്‍ റൂമുകള്‍ ബുക്ക് ചെയ്തു വന്നില്ലെങ്കിലും കുഴപ്പമില്ല. അത്യാവശ്യം സൗകര്യങ്ങളുള്ള രണ്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന മുറികള്‍ 500 രൂപമുതല്‍ മുകളിലേക്ക് കിട്ടും. ഡോര്‍മെട്രികളും ഉണ്ട്.

സിം ഇവിടെ വന്നു എടുക്കുന്നതിലും നല്ലത്, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ മുതലായ സിമ്മുകളാണെങ്കില്‍ പോസ്റ്റ് പെയ്ഡ് ആക്കി കൊണ്ടുവരുക. മറ്റുള്ള നെറ്റ്‌വര്‍ക്കിലുള്ള സിമ്മുകള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചുപറഞ്ഞു വരും മുന്‍പ് മാറ്റി കൊണ്ടുവരാം.??

സ്ഥലങ്ങള്‍ കാണാനുള്ള പെര്‍മിറ്റിന് ടൂര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പോയാല്‍ മതി. പോകും മുന്‍പ് ഒരു കഫെയില്‍ കയറി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ കൊടുത്തു, അതിന്റെ പ്രിന്റ് എടുത്ത് അതും കൊണ്ടുപോകുക. പ്രിന്റിങ് ചാര്‍ജ്, ഫില്ലിംഗ് ചാര്‍ജ് ഉള്‍പ്പെടെ 100 രൂപയില്‍ അധികമാകില്ല. ബാക്കി അടക്കേണ്ട പണം ആ പ്രിന്റില്‍ ഉണ്ടാകും. അത് ടൂര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അടക്കുക. മണ്ടത്തരം പറ്റി ആയിരങ്ങള്‍ കളയാന്‍ നില്‍ക്കരുതെന്നാണ് കവി ഉദ്ദേശിച്ചത്.??

ബൈക്ക് വാടകയ്ക്ക്

മണാലിയില്‍ നിന്നുള്ള റെന്റ് ബൈക്ക് കര്‍തുന്ഗ്ല വഴി കയറ്റി വിടില്ല. ?? സ്വന്തം വണ്ടികള്‍ക്ക് പ്രശ്‌നമില്ല. അതുകൊണ്ടു മണാലിയില്‍ നിന്ന് വണ്ടിയെടുക്കുന്നവര്‍ ഇത് പറഞ്ഞാല്‍ രണ്ടു ദിവസത്തെ പണത്തിന്റെ ഇളവ് അവര്‍ ചെയ്തു തരും. ആ പണത്തിന് ലേയില്‍ നിന്ന് വണ്ടി റെന്റിനെടുക്കാം.??
ഇത് അവരോടു മുന്‍കൂട്ടി പറഞ്ഞില്ലെങ്കില്‍ തിരികെ ചെല്ലുമ്പോള്‍ അവര്‍ സമ്മതിക്കില്ല.
(ഇനി ഏതെങ്കിലും കാരണവശാല്‍ അവിടെ നിന്ന് വണ്ടിയെടുക്കുകയും അവിടെ ഇക്കാര്യം സൂചിപ്പിക്കാന്‍ മറക്കുകയും ചെയ്താല്‍, വന്ന ദിവസം പെര്‍മിറ്റ് എടുത്തതിനു ശേഷം പിറ്റേന്ന് അതിരാവിലെ (56) കര്‍തുന്ഗ്ല കയറുക. ചെക്കിങ് ഗവണ്മെന്റ് ചെക്കിങ് അല്ല. ഇവിടുത്തെ ലോക്കല്‍ അസോസിയേഷന്‍ ചെക്കിങ് ആണ്. അതുകൊണ്ടു തന്നെ ഇത് ലംഘിച്ചാലും നിയമപ്രശ്‌നങ്ങള്‍ ഇല്ല.)

ഇവിടുത്തെ നെറ്റ്‌വര്‍ക്കിന്റെ ഗുണം കൊണ്ട് കാര്‍ഡ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ് തീരെയില്ല. ഉള്ളതൊക്കെ ദുരന്തമാണ്. അതുകൊണ്ടു ലിക്വിഡ് ക്യാഷ് കയ്യില്‍ കരുതണം. കള്ളന്മാര്‍ ലേയില്‍ വംശനാശം സംഭവിച്ച ജീവികളാണ്. അതുകൊണ്ടു മോഷണഭീതി വേണ്ട. ലേയില്‍ നിന്ന് മറ്റിടങ്ങളില്‍ സ്വന്തമായുള്ള അല്ലെങ്കില്‍ റെന്റ് വണ്ടിയില്‍ കറങ്ങാന്‍ പോകുമ്പോള്‍ പെട്രോള്‍/ ഡീസല്‍ കയ്യില്‍ കരുതുക. ഇവിടുത്തെ ഉള്‍മേഖലയിലുള്ള പമ്പുകളെല്ലാം വെറും കാഴ്ചക്ക് മാത്രമാണ്.

Exit mobile version