ന്യൂഡല്‍ഹി: രാജ്യത്തെ അതിപ്രധാന സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പിലേക്ക്. ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചരണങ്ങള്‍ക്കു ശേഷമാണ് വെള്ളിയാഴ്ച പോളിങ് നടക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്നത് ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിന്റെ ആര്.എസ് വസീം, എ.ബി.വി.പി സ്ഥാനാര്‍ഥി പി.എ ശബരീഷ്, കൗണ്‍സിലര്‍ സീറ്റുകളിലേക്ക് മത്സരിക്കുന്ന മറ്റു അഞ്ചുപേരും മത്സരരംഗത്ത് നിറസാന്നിധ്യമാണ്.
അനഘ പ്രദീപ്, സ്മിത സാബു, എ.ആര് കൃഷ്ണപ്രിയ, വിഷ്ണുപ്രസാദ് കെ, ഇഹ്സാനുല്‍ ഇഹ്തിഷാം എന്നിവരാണ് കൗണ്‍സിലിലേക്ക് മത്സരിക്കുന്നത്. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയം മുഖ്യചര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയ സര്‍വകലാശാലകളില്‍ ഏറെ ചര്‍ച്ചയായ രോഹിത് വെമുലയുടെ കൊലപാതകവും ജെ.എന്‍.യുവിലെ തന്നെ നജീബ് അഹമ്മദിന്റെ നിര്‍ബന്ധിത തിരോധാനവും ഈ തെരഞ്ഞെടുപ്പിലും ജെ.എന്‍.യുവില്‍ വിഷയീഭവിച്ചിട്ടുണ്ട്.
അതേസമയം ദലിത് ബഹുജന്‍ മുസ്ലിം രാഷ്ട്രീയവും കൂടി ഉള്‍ച്ചേര്‍ന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് സഖ്യം. ബാപ്സയും ഫ്രറ്റേണിറ്റി മൂവ്മെന്റും സഖ്യമായി രൂപപ്പെട്ടത് ചെറുതല്ലാത്ത ചലനങ്ങളാണ് കാംപസില്‍ സൃഷ്ടിച്ചത്.
ബാപ്സയുടെ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് പോസ്റ്റിലേക്ക് ഒഡിഷയില്‍ നിന്നുള്ള ജിതേന്ദ്ര സുനയും ഫ്രറ്റേണിറ്റിയുടെ സ്ഥാനാര്‍ഥിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കോഴിക്കോട്ടുക്കാരനായ വസീം ആര്.എസ് എന്നിവരാണ് സഖ്യത്തിന്റെ പൊതു സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ഇടതുസഖ്യം, ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം, എന്‍.എസ്.യു-എം.എസ്.എഫ് സഖ്യം, എ.ബി.വി.പി എന്നിവയാണ് മത്സരരംഗത്തുള്ളത്.
അതേസമയം ഇന്നലെ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ കാശ്മീര്‍, അസം പൗരത്വപ്പട്ടിക, രാജ്യത്തെ ആള്‍ക്കൂട്ടക്കൊല, ശ്രീറാം വിളികള്‍ തുടങ്ങിയ വിഷയങ്ങളാണു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.