ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ആര്‍എസ്എസ് വേദിയില്‍. എ.ബി.വി.പി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍ രചിച്ച ദ ആര്‍എസ്എസ്; റോഡ് മാപ്പ് ഫോര്‍ ദ 21 സെഞ്ച്വറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചത്.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടക്കം പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ്സിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. രാജ്യത്ത് ജാതീയതയുടെ പേരില്‍ ദിനംപ്രതി കൊലപാതകങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ.ജി ബാലകൃഷ്ണന് ആര്‍എസ്എസിനെ വാനോളം പുകഴ്ത്തിയത്.
രാജ്യത്തെ മൂവായിരം ജാതികളും ആയിരക്കണക്കിന് ഉപജാതികളും വികസനത്തിന് പലപ്പോഴും തടസം ആണ്. ജാതി സംവരണം സംബന്ധിച്ച പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.തൊട്ടുകൂടായ്മ പോലെ ഏറ്റവും മോശമായ മറ്റൊരു കാര്യമില്ല എന്ന മുന്‍ സര്‍സംഘ ചാലകിന്റെ വാക്കുകള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് സംഘത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും കെ.ജി ബാലകൃഷ്ണന് പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തെ അറിയാന്‍ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമായാല്‍ മാത്രമേ സാധിക്കൂവെന്ന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിച്ച സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതത്തെ മാതൃഭൂമിയായി കരുതുന്ന ഒരു വ്യക്തിയെങ്കിലും ഈ ഭൂമിയില്‍ അവശേഷിക്കുന്ന കാലം വരെ ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു