തിരൂവനന്തപുരം: ഇന്ത്യയിൽ തടങ്കൽ പാളയങ്ങളുണ്ട് എന്നും പ്രധാനമന്ത്രി പറയുന്നത് നുണയാണെന്നും ശശി തരൂർ എം.പി. പൗരത്വ ബില്ലിനെതിരെ തിരുവനന്തപുരത്ത് മുസ് ലിം കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആസാമിൽ അഞ്ചു തടങ്കൽ പാളയമുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
നുണക്കൂമ്പാരങ്ങൾക്ക് മേൽ കെട്ടിയുയർത്തിയതാണ് ബി ജെ പി ഭരണമെന്നും അതിന്റെ നാളുകൾ എണ്ണിത്തുടങ്ങിയതിന് തെളിവാണ് ഈ ജനകീയ പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു.ഈ സമരങ്ങൾ വിജയം കാണുമെന്നതിന്റെ സൂചനയാണ് ജാർക്കണ്ഡ് തെരഞ്ഞെടുപ്പ് ഫലം. അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘ് പരിവാർ ഉയർത്തിപ്പിടിക്കുന്ന ഉന്മൂലന രാഷ്ട്രീയത്തിലേക്കുള്ള നീക്കമാണ് പൗരത്വബില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻമന്ത്രി ഡോ:നീലലോഹിതദാസൻ നാടാർ പറഞ്ഞു.
ആയിക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം പ്രസ് ക്ലബ്ബിന് മുമ്പിൽ നിന്നാരംഭിച്ചു. ഭയന്ന് നാട് വിടാൻ ഞങ്ങൾ ഒരുക്കമല്ലെന്നും
പൗരത്വം നിഷേധിച്ച് ജനതയെ വിഭജിക്കാൻ ഭരണകൂടത്തെ അനുവദിക്കില്ലെന്നും മുദ്രാവാക്യങ്ങളുയർന്നു.
സയ്യിദ് പൂക്കോയ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് മാർച്ചിനെ അഭിവാദ്യം ചെയ്തു കൊണ്ട് വിവിധ മത രാഷട്രീയ സാംസ്കാരിക സംഘടനാ നേതാക്കളും വ്യക്തിത്വങ്ങളും സംസാരിച്ചു.കമൽ സി നജ്മലിന്റെ കുടിയിറക്കപ്പെട്ടവന്റെ കുരിശിലേറ്റം എന്ന ദൃശ്യാവിഷ്കാരവും ഒറ്റയാൾ പോരാളി സലീംപഴയകടയുടെ വെങ്കലക്കിണ്ടിയും അടിയാധാരവും ഹാസ്യ പ്രദർശനവും ശ്രദ്ധേയമായി. ജാമിഅ മില്ലിയയിലെ സമരപോരാളിയും നിയമവിദ്യാർഥിയുമായ ഫഹീം അഹ്സന്റെ ആസാദി മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ച് മാർച്ച് സമാപിച്ചു.