- അഖില്‍ മോഹനന്‍
1992ല്‍ പുറത്തിറങ്ങിയ പാണ്ടിയന്‍ എന്ന തമിഴ് സിനിമയ്ക്കു ശേഷം സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ എ.ആര്‍ മുരുഗദോസ് പൊലിസ് കുപ്പായമണിയിക്കുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ഒരുത്സവപ്രതീതിയായിരുന്നു. കാരണം ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയും പോരാത്തതിനു ഓരാള്‍ സാക്ഷാല്‍ തലൈവരും ഒരാള്‍ മാസ്സ് സിനിമകളുടെ സംവിധായകനും കൂടിയാണ്. ഈയൊരു ചിന്തയുമായി സിനിമ കാണാന്‍ പോകുന്ന ആരാധകര്‍ക്ക് ‘ ദര്‍ബാര്‍’ ഒരിക്കലും മോശം സിനിമയാകില്ല.
അഴിമതി, കുടിവെള്ളം, തീവ്രവാദം തുടങ്ങിയ ജനങ്ങള്‍ക്കു പ്രശ്‌നമാകുന്ന പ്രമേയങ്ങളിലൂടെ വിജയ്‌യുമായാണ് ഇതുവരെ മുരഗദോസ് എത്തിയതെങ്കില്‍ സമാനമായ ‘ നാട് നന്നാക്കല്‍’ പ്രമേയത്തിലൂടെയാണ് ഇക്കുറിയും സംവിധായകന്‍ എത്തിയിരിക്കുന്നത്.
മുരുഗദോസിന്റെ കഥ, തിരക്കഥയിലൂടെ മുംബൈ നഗരത്തിലെ മയക്കുമരുന്ന് മാഫിയയെ തുരത്താനെത്തുന്ന പൊലിസ് കമ്മിഷണറാണ് രജിനിയെത്തുന്നത്. പതിവുപോലെ രിജിനിക്കുവേണ്ടുന്ന ഇന്‍ട്രോ സീന്‍ ഗുണ്ടകളെ എന്‍കൗണ്ടര്‍ ചെയ്യുന്ന സീനിലൂടെ ഗംഭീരമായി പകര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞു.
മയക്കുമരുന്നു മാഫിയയെ തുരത്തുന്ന ദൗത്യത്തിനിടെ തന്റെ മകളെ നഷ്ടപ്പെടുന്ന രജിനി പ്രതികാരനടപടിയായി മെയിന്‍ വില്ലനെ കൊലപ്പെടുത്തുന്നുവെന്ന എല്ലാവര്‍ക്കും ഊഹിക്കാവുന്ന കഥയാണ് സിനിമയില്‍.
കഥയില്‍ പുതുമായായി കൂടുതലൊന്നുമില്ലെങ്കിലും അത് രജിനികാന്ത് സ്റ്റൈലിലേക്കെത്തുമ്പോള്‍ തിയറ്ററുകളില്‍ കൈയടിനേടുന്നു. അത്ര പ്രധാനമല്ലാത്ത വേഷത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നടിയായെത്തുമ്പോഴും അവരുടെ റോള്‍ തന്‍മയത്തത്തോടെ അവതരിപ്പിക്കുകയും കൈയടി നേടുകയും ചെയ്തു. മകളായെത്തുന്ന മലയാളി നടി നിവേദ തോമസും യോഗി ബാബുവും തങ്ങളുടെ റോളുകള്‍ നന്നായി അഭിനയിച്ചു.
ഒരു മുഴുനീള പൊലിസ് സിനിയാണെങ്കിലും റൊമാന്‍സ് ഫീലിങ്‌സ് എന്നിവയും സംവിധായകന്‍ രജിനി സ്റ്റൈലില്‍ ഉള്‍പ്പെടുത്തി. 150 മിനിട്ടില്‍ ഒരു ലാഗുമില്ലാതെ ഒരു പ്രാവശ്യം സിനിമ നന്നായി ആസ്വദിക്കാം.
പാട്ടുകളില്‍ നൃത്തച്ചുവടുമായെത്തുന്ന രജിനി അതിഗംഭീരമായാണ് ഈപ്രായത്തിലും ഇത് തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റണ്ട് സീനിലും ആദ്ദേഹത്തിന്റെ ഫുള്‍ എനര്‍ജിയെത്തുമ്പോള്‍ ഇനിയും 10 വര്‍ഷം ഇതേവഴിയില്‍ ഇന്റസ്ട്രിയിലുണ്ടാകുമെന്ന് ഓര്‍മിപ്പിക്കുന്നു.
മ്യൂസിക്
യുവ സംഗീത സംവിധായകന്‍ അനിരു്്ദ്ധ് ഈണമൊരുക്കിയ 6 പാട്ടുകളാണ് ദര്‍ബാറിലുള്ളത്. ഇതില്‍ തീം സോങ്ങും ‘ചുമ്മ കിഴി ‘എന്ന പാട്ടും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇതിനോടകം ഇടം നേടിയതാണെങ്കിലും പേട്ട എന്ന രജിനി സിനിമയിലെ പാട്ടുകളുമായി സാദൃശ്യം പല സ്ഥലങ്ങളിലും തോന്നാം.
വില്ലന്‍ (സുനില്‍ ഷെട്ടി)
ആദ്യമായി തമിഴ് സിനിമയില്‍ വില്ലനായി ഫുള്‍ ഗെറ്റപ്പില്‍ സുനില്‍ ഷെട്ടിയെത്തുമ്പോള്‍ വേണ്ടവിധം അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞില്ലെന്നു വേണം പറയാന്‍. പകുതിക്കു ശേഷമെത്തുന്ന വില്ലനായി അഭിനയിക്കുന്ന സുനില്‍ ഷെട്ടി പല നിമിഷങ്ങളിലും തിളങ്ങിയില്ലെന്നുവേണം പറയാന്‍.