കോഴിക്കോട്: ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മുസ്ലിം വിരുദ്ധത ചര്‍ച്ചയാകുന്നു. അഞ്ചാമത് പതിപ്പ് ജനുവരി 16 മുതല്‍ നടക്കാനിരിക്കെ കഴിഞ്ഞദിവസം പുറത്തുവിട്ട പ്രോഗ്രാം ഷെഡ്യൂളിലാണ് തികഞ്ഞ മുസ്ലിംവിരുദ്ധത പ്രകടമാകുന്നതെന്നാണ് ആക്ഷേപം. കെ.എല്‍.എഫ് ഇസ്ലാമോഫോബിയ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് നേരത്തെ നടന്ന പതിപ്പുകള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016ലെ പതിപ്പില്‍ ‘മതം, ആത്മീയത, തത്വചിന്ത’ എന്ന സെഷനില്‍ മതം അവലംബിക്കാത്ത മതരഹിതരെ മാത്രം പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.
ഇതുപോലെ തന്നെയാണ് അഞ്ചാമത് പതിപ്പിലും ആരോപിക്കപ്പെടുന്നത്. ‘മതജീവിതത്തില്‍നിന്ന് മതരഹിത ജീവിതത്തിലേക്ക് ‘ എന്ന സെഷനില്‍ ഇസ്ലാം വിമര്‍ശകരായ മുസ്ലിം പേരുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബ്രോഷര്‍ പുറത്തിറങ്ങിയത്. മറ്റു മതങ്ങളില്‍നിന്ന് മതരഹിത ജീവിതത്തിലേക്ക് പോയവര്‍ ഉണ്ടായിരിക്കെ ഇസ്ലാം വിമര്‍ശകരായ മുസ്ലിം നാമധാരികളെ മാത്രം ഉള്‍പ്പെടുത്തുന്ന സംഘാടകര്‍ ഇസ്ലാമോഫോബിയയുടെ പ്രചാരകരാവുകയാണെന്നാണ് പ്രധാന ആരോപണം.
മതങ്ങളെ കുറിച്ച് പൊതുവിലും ഇസ്ലാമിനെ കുറിച്ച് പ്രത്യേകിച്ചും നിലനില്‍ക്കുന്ന ചില മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് സംഘാടകര്‍ പ്രോഗ്രാം തയ്യാറാക്കിയത്. മതങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇസ്ലാം മതത്തെക്കുറിച്ച് മാത്രമായി മാറ്റുന്നതിനും ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്ലാം വിമര്‍ശകരിലൂടെ മാത്രം ഉന്നയിക്കപ്പെടുകയും ചെയ്യുകയാണ് സംഘാടകരെന്ന് വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.