ദുബൈ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള ഇസ്രായേലിന്റെ അധിനിവേശ നയത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് യു.എ.ഇ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ പശ്ചിമേഷ്യയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ് നല്‍കി.
വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കാനുള്ള പരസ്യ ആഹ്വാനമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തിയത്. പശ്ചിമേഷ്യന്‍ സമാധാനം ഉറപ്പാക്കാന്‍ ലോകം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടം കൂടിയാണിതെന്നും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലോകസമൂഹം നീക്കം നടത്തുന്ന ഘട്ടത്തില്‍ തന്നെയാണ് ഏകപക്ഷീയമായ പ്രകോപനം ഉയര്‍ത്താനുള്ള ഇസ്രായേല്‍ നീക്കം. സയണിസ്റ്റ് രാജ്യത്തിന്റെ നിരുത്തരവാദപരമായ നീക്കം എന്തുവില കൊടുത്തും തടയാന്‍ അന്തര്‍ദേശീയ സമൂഹം തയാറാകുമെന്നും യു.എ.ഇ മന്ത്രി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അറബ്, മുസ്ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും പശ്ചിമേഷ്യന്‍ സമാധാനം ഉറപ്പാക്കാനുള്ള ബാധ്യത യു.എന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി.