തിരുവനന്തപുരം: കൊച്ചിയിലെ മരടിലുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി ഇടപെടുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലംഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അവരെ സഹായിക്കാവുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം.
തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടതെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മരട് ഫ്‌ലാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.

ഫഌറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം.

ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഫഌറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം.

സുപ്രീംകോടതി പൊതുനില പരിശോധിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. സുപ്രീംകോടതി വിധിയില്‍ ഇടപെടുന്നതിന് പരിമിതിയുമുണ്ട്. കോടതി വിധി നടപ്പാക്കാന്‍, ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സര്‍ക്കാരിനും ബാധ്യത വരും. ഇക്കാര്യത്തില്‍ അനുകമ്ബയോടെയുള്ള ഇടപെടലാണ് വേണ്ടത്.