ജോസ്‌ന ഷാരോണ്‍
——————
സംഭവം 1
ഓള്‍ഡ് ഫോര്‍ട്ട് റോഡില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് ചായ കൊടുക്കുന്നത് പതിവാണ്. അന്നൊരു നാള്‍ ഒരു വലിയ പ്രശ്‌നം നടക്കുന്നു. നാട്ടില്‍ നിന്നു വന്ന മലയാളി റൈഡേഴ്‌സിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് നിര്‍ത്തിപ്പൊരിക്കുന്നു. ഇന്നാട്ടിലെ ഒരു പെണ്‍കുട്ടിയെയും അതിന്റെ മോഡേണ്‍ ഡ്രെസ്സും മേക്കപ്പും ഒക്കെ കണ്ടു തെറ്റുദ്ധരിച്ച നമ്മുടെ ചെക്കന്മാര്‍ അവരോടെന്തോ പറഞ്ഞു. പെണ്‍കുട്ടി ബഹളമുണ്ടാക്കി. നാട്ടുകാര്‍ അവരെ കൈവെക്കും മുന്‍പ് സുധി (ഭര്‍ത്താവ്) വന്നവരെ ഭാഷാപ്രശ്‌നമാണ് എന്നൊക്കെ പറഞ്ഞ് രക്ഷിച്ചു. അവര്‍ക്കുവേണ്ടി ആ പെണ്‍കുട്ടിയുടെ കാല് ഞാന്‍ പിടിച്ചതുകൊണ്ട് കേസ് ആയില്ല.
സംഭവം 2
ഞായറാഴ്ച പൊതുവെ ഹോട്ടലിലും റെസ്റ്റോറെന്റിലും നല്ല തിരക്കാകും. രാത്രി 12 മണി കഴിഞ്ഞ് എല്ലാം ഒതുക്കി വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയതാണ് ഞാനും സുധിയും. ഓണത്തിന്റെ അന്ന് നാട്ടില്‍നിന്നു വന്ന പ്രമുഖ ഗ്രൂപ്പ് വഴി പരിചയപ്പെട്ട ചേട്ടന്മാര്‍ രണ്ടു പോലീസുകാരുടെ കൂടെ നടന്നുപോകുന്നു. അറിയാവുന്ന പോലീസുകാരുമാണ്. അഞ്ചുപേരുടെ ഗ്രൂപ്പ് ആയാണ് അവര്‍ വന്നത്. ലഡാക്കിലെ തണുപ്പില്‍ കുറച്ചു മദ്യം കഴിച്ച അവര്‍ വേര്‍പിരിഞ്ഞു ടൗണ്‍ ചുറ്റിക്കാണാന്‍ ഇറങ്ങി. കൂട്ടത്തില്‍ വഴിതെറ്റിയ ആള്‍ കണ്ടപ്പോള്‍ മലയാളി ആണ് എന്നുതോന്നിയ പെണ്‍കുട്ടിയോട് അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഒപ്പിച്ചുകൂട്ടി റൂമിലേക്കുള്ള വഴി ചോദിച്ചു.
ചോദിച്ചത് പെണ്‍കുട്ടിക്ക് തിരിഞ്ഞത് മറ്റൊരു രീതിയിലാണ്. പെണ്‍കുട്ടി ബഹളം വച്ച് ആളെകൂട്ടി.
ഭാഷ മനസിലാകാതെ ചേട്ടന്‍ പിന്നെയും അവിടെത്തന്നെ നിന്നു. ചേട്ടന്‍ ചോദിച്ച ചോദ്യം ആ പെണ്‍കുട്ടി മനസിലാക്കിയത്, അവരെ റൂമിലേക്ക് വിളിച്ചതായിട്ടാണ്.
നാട്ടുകാര്‍ കൂടിയപ്പോഴും പറഞ്ഞു മനസിലാക്കാന്‍ ചേട്ടനറിയില്ല. അവസാനം കൂട്ടുകാരെത്തിയപ്പോഴും സാഹചര്യം മോശമായിരുന്നു. കുടിച്ചിരുന്നതും പ്രശ്‌നമായി. അവസാനം പെണ്‍കുട്ടിയെയും ചേട്ടനെയും പോലീസുകാര്‍ മെയിന്‍ മാര്‍ക്കറ്റിലുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കയ്യും കാലും പിടിച്ചിട്ടും പെണ്‍കുട്ടി വഴങ്ങിയില്ല.
പിന്നീട് പെണ്‍കുട്ടിയെ വുമണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ കൂട്ടുകാരനും എത്തി. പെണ്‍കുട്ടി പോയ പിറകേ കാലുപിടിച്ചെങ്കിലും കേസില്‍നിന്ന് തലയൂരാന്‍ പോലീസുകാര്‍ കൊടുത്ത നിര്‍ദേശപ്രകാരം ചേട്ടന്റെ കൂട്ടുകാര്‍ പോലീസുകാരെയും കൂട്ടി വുമണ്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ഞങ്ങളെ കാണുന്നത്.
പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഇന്നാട്ടിലുള്ളവര്‍ എന്ന നിലയില്‍ ഞാനും സുധിയും കൂടെപ്പോയി. അപ്പോഴേക്കും രാത്രി 12.30 ആയിരുന്നു. പെണ്‍കുട്ടി വീട്ടിലും പോയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തിരുന്നു. പല്ല് കൂട്ടിയിടിക്കും തണുപ്പ്. ഞാനും സുധിയും റൂമില്‍പ്പോയി പുതപ്പും വെള്ളവും ചേട്ടനിരിക്കുന്ന പോലീസ് സ്റ്റേഷനിനില്‍ എത്തിച്ചു. കൂട്ടുകാരന്‍ കല്യാണിനെ വിളിച്ചുണര്‍ത്തി വക്കീലിനെയും ഏര്‍പ്പാടാക്കി.
ഈ അഞ്ചുപേര്‍ക്കും പോകേണ്ടിയിരുന്നത് തിങ്കളാഴ്ച രാവിലെ ആയിരുന്നു. ഫ്‌ലൈറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു.??
രാവിലെ ഞങ്ങള്‍ എത്തിയപ്പോഴേക്കും ബി.പി വളരെ കൂടി ചേട്ടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പോലീസുകാരുടെ കാല് ഞാനും സുധിയും ചേട്ടന്റെ കൂട്ടുകാരും നന്നായിപ്പിടിച്ചതുകൊണ്ട് കാര്യങ്ങള്‍ വേഗത്തിലാക്കി. വക്കീലിന്റെ മിടുക്കുകൊണ്ട് അന്നുതന്നെ ജാമ്യവും കിട്ടി. പിറ്റേന്ന് വിചാരണ കഴിഞ്ഞു ആളെ വെറുതെവിട്ടു.
കുടിച്ചിട്ട് അപരിചിതയായ ഒരു സ്ത്രീയോട് സംസാരിക്കാന്‍ പോയ വകയില്‍ 5000/ രൂപ പിഴയും വക്കീല്‍ ഫീസായി 15,000/ രൂപയും അഞ്ചുപേരുടെ ഫ്‌ളൈറ്റ് വീണ്ടും ബുക്ക് ചെയ്ത വകയില്‍ 60,000/ രൂപയും ആള്‍ക്ക് നഷ്ടമായി.എനിക്കും സുധിക്കും രണ്ടുദിവസത്തെ ഉറക്കവും സമാധാനവും.
പറഞ്ഞുവന്നത്, ലേയില്‍ വന്നു കുടിക്കുന്നത് പ്രശ്‌നമല്ല.. അത് താമസിക്കുന്ന മുറിയില്‍ ഉറങ്ങുന്നതിനു മുന്‍പ് ആക്കുന്നതാവും എല്ലാവരുടെയും ആരോഗ്യത്തിന് ഗുണകരം. കുടിച്ചിട്ട് അപരിചിതരോട് സംസാരിക്കാന്‍ പോകാതിരിക്കുക. രാത്രിയിലെ യാത്ര കൂട്ടുകാരുടെകൂടെ ഒരുമിച്ചാക്കുക. ഇവിടുത്തെ പെണ്‍കുട്ടികളുടെ മോഡേണിസം ഡ്രസ്സില്‍ മാത്രമേ ഒള്ളു. മനസിലില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ വിലക്കു വാങ്ങാരുത്.
ഇവിടത്തെ നായ്ക്കള്‍ പ്രശ്‌നക്കാരും നാട്ടിലെ നായിന്റെ ഇരട്ടി വലിപ്പമുള്ളതും ആണ്. അതുകൊണ്ടുതന്നെ 10 മണിക്കുശേഷം തനിയെ പുറത്തിറങ്ങരുത്. പോലീസുകാരനെയുള്‍പ്പെടെ കടിച്ചുകൊന്ന പാരമ്പര്യം ഇവിടുത്തെ നായ്ക്കള്‍ക്കുണ്ട്. നായ്ക്കള്‍ കുരച്ചാലോ കടിക്കാന്‍ വന്നാലോ ഓടി രക്ഷപ്പെടാന്‍ നോക്കാതെ ശബ്ദമുണ്ടാക്കി ആളുകളെ അറിയിക്കുക.വഴിതെറ്റിയാല്‍ പോലീസുകാരോടോ ഷോപ്പുകളിലെ ആണുങ്ങളോടോ മാത്രം സഹായം ചോദിക്കുക.
ലേയില്‍വന്നു പണികിട്ടിയാല്‍ വിളിക്കുക 8899734771.