ഖൊരഗ്പൂര്‍: ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട്. ഖൊരഗ്പൂറിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ 2017 ഓഗസ്റ്റിലായിരുന്നു ന്നു സംഭവം. കഫീല്‍ ഖാന് കുട്ടികളുടെ ജീവന് രക്ഷിക്കാനായി അഞ്ഞൂറോളം ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഖൊരഗ്പൂറിലെ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് അറുപതോളം കുട്ടികളായിരുന്നു മരിച്ചത്. വിഷയത്തില്‍ ഓക്സിജന്‍ കുറവാണെന്ന് നേരത്തെ അറിയിക്കാത്തതിനായിരുന്നു കഫീല്‍ ഖാനെതിരേ കേസെടുത്തിരുന്നത്.
ചികിത്സാ പിഴവ്, അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച ബി.ആര്.ഡി അധികൃതര്‍ അദ്ദേഹത്തിന് കൈമാറി.
വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നിരവധി ഓക്സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന് എത്തിച്ചു. ഓക്സിജന്‍ സിലിണ്ടറുകളുടെ കരാര്‍, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം കഫീല്ഖാന് ഇല്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍