‘വരുന്ന ഉപതെരഞ്ഞെടുപ്പിലെഅരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, റോഡ് നിർമാണം തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസെടുത്തത്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് നല്കിയ പരാതിയിലാണ് അന്വേഷണം.
പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറാണ് ഇതുസംബന്ധിച്ച് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ എസ്പി അരൂര്‍ പൊലീസിന് പരാതി കൈമാറി. പിന്നാലെ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന് കാട്ടി ഷാനിമോള്‍ക്കെതിരെ അരൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമ ത്തി കേസെടുക്കുകയായിരുന്നു.
അതേ സമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോൾ കേസ് എടുക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് സംഭവം. ഷാനിമോളും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് എരമല്ലൂര്‍, എഴുപുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഉദ്യോഗസ്ഥരെ തടഞ്ഞ് പണി നടത്താന്‍ അനുവദിക്കില്ലന്ന് നിലപാടെടുത്തെന്നാണ് പരാതി. എന്നാല്‍ ഇത് കള്ളക്കേസാണെന്ന് ഷാനിമോള്‍ പ്രതികരിച്ചു.