തൃശൂര്‍: ഹിന്ദുത്വ ഫാസിസം കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്ത് നജ്മല്‍ ബാബുവിന്റെ ഒന്നാം ആണ്ടുദിനം വന്നെത്തുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍. വ്യവസ്ഥാപിത ഇടത് കാര്‍മികത്വത്തില്‍ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവല്‍ക്കരിക്കാനാണ് നജ്മല്‍ തന്റെ ജിവിതസായാഹ്നത്തില് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ മരണാനന്തരം നജ്മല്‍ ബാബുവിന്റെ വിശ്വാസത്തെപ്പോലും ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തിയിരുന്നു. ടി.എന്‍ ജോയിയില്‍ നിന്ന് അദ്ദേഹത്തിന് നജ്മല്‍ ബാബുവിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ലെന്ന് തീര്‍ച്ചപ്പെടുത്തി അദ്ദേഹം മുസ്ലിമായില്ലെന്ന് വരുത്തിത്തീര്‍ക്കുന്ന സവര്‍ണ യുക്തിവാദ തമ്പ്രാക്കന്മാരുടെ ഫാസിസപ്പെരുന്നാളിനെതിരേ അന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്.
ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്ലിംകളായതിനാല് അവരോടൊപ്പം നില്ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്’ എന്ന കൃത്യമായ നിലപാട് അദ്ദേഹം വിളിച്ചുപറഞ്ഞു. മര്‍ദ്ദിതരുടെ എല്ലാ വിധ സ്വത്വ പ്രത്യേകതകളേയും നിരാകരിച്ച് കേവല മനുഷ്യരായി മാത്രം തങ്ങളോപ്പം ചേരാനുള്ള ഇടത് ആഹ്വാനങ്ങളോട് കലഹിച്ചു കൊണ്ട്; അടിച്ചമര്‍ത്തപ്പെട്ട സ്വത്വങ്ങളുടെ കര്‍തൃത്വത്തെ സാര്‍ത്ഥകമായി ഉപയോഗിച്ച് കൊണ്ട് മാത്രമേ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം മുന്നോട്ട് കൊണ്ട് പോകാനാവൂ എന്ന നിലപാടാണ് നജ്മല്‍ മുന്നോട്ട് വച്ചത്.
ഒരുപക്ഷെ തന്റെ രാഷ്ട്രിയത്തിന്റെ ഏറ്റവും സാര്‍ത്ഥകമായ പ്രയോഗവും കൂടിയായിരുന്നു ടി.എന്‍ ജോയിയില്‍ നിന്നും നജ്മല്‍ എന്‍ ബാബു ആയുള്ള അദ്ദേഹത്തിന്റെ സ്വത്വപരിണാമവും. ആ അര്‍ത്ഥത്തില്‍ തന്റെ മരണശേഷവും തന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ചിഹ്നവും, പ്രയോഗവുമെന്ന നിലയില്‍ ചേരമാന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ മുസ്ലിം സ്വത്വ സ്വീകരണത്തിന്റെ ആ കാലികമായ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കിക്കൊണ്ട് നെറികേട് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും യുക്തിവാദികളും വ്യവസ്ഥാപിത ഇടതുപക്ഷവും സര്‍ക്കാര്‍ സംവിധാനങ്ങളും. അദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണത്തെ അസഹിഷ്ണുതയോടെ സമീപിച്ച മുസ്ലിം വിരുദ്ധര്‍ മരണശേഷം നജ്മല്‍ എന്‍ ബാബുവിനെ ‘ബാക്കിവെക്കാതിരിക്കാന്‍’ ശ്രമിക്കുകയായിരുന്നു.
നീതികേടുകളോട് നിരന്തരം കലഹിച്ച അദ്ദേഹത്തിന്റെ മരണാനന്തര അവകാശത്തോട് തികഞ്ഞ നെറികേട് കാണിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളുകള്‍ക്ക് ഭിന്നമായി, ഈ ഒക്ടോബര്‍ 11ന് നജ്മല്‍ എന്‍ ബാബുവിന്റെ രാഷ്ട്രീയം ഓര്‍ക്കുകയും സമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുകയാണ് കൊടുങ്ങല്ലൂര്‍ മീഡിയാ ഡയലോഗ് സെന്റര്‍.
ഫാസിസത്തിന്റെ അടിച്ചമര്‍ത്തല്‍ അത്രമേല്‍ രൂക്ഷമായിരിക്കെ ഇനിയങ്ങോട്ടുള്ള പ്രതിരോധത്തിന് എല്ലാവരുടെയും രാഷ്ടീയ സാന്നിധ്യം അനിവാര്യമാണെന്ന് മീഡിയ ഡയലോഗ് സെന്റര്‍ ഭാരവാഹികള്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടുന്ന എല്ലാ ഐഡിന്റിറ്റികളെയും അഡ്രസ് ചെയ്തിരുന്ന നജ്മല്‍ എന്‍ ബാബുവിന്റെ അനുസ്മരണത്തില്‍, ‘ഇനി ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് മുഖ്യചര്‍ച്ചാ വിഷയം. കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.