കോഴിക്കോട്: പാലക്കാട് അഗളിയില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത് സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങള്‍ മറച്ചുവയ്ക്കാനെന്ന് വ്യാപക ആക്ഷേപം. ഏറ്റുമുട്ടലില്‍ ഒരു തണ്ടര്‍ബോള്‍ട്ട് പൊലീസുകാരനു പോലും പരുക്കേറ്റിട്ടില്ലെന്നത് സംഭവത്തെ വ്യാജ ഏറ്റുമുട്ടല്‍ എന്ന നിലയില്‍ കാണാനാണ് പലരെയും പ്രേരിപ്പിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെ മാവോയിസ്റ്റ്കളെ കൊല്ലുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നു.
‘വേട്ട തങ്ങളടെ നയമല്ല, യു.എ.പി.എ പ്രകാരം കേസെടുക്കല്‍ തങ്ങളുടെ നയമല്ല എന്ന് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അവര്‍ത്തിക്കുമ്പോള്‍ ഭരണകൂട കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. അതേസമയം അട്ടപ്പാടി മഞ്ഞക്കണ്ടി സംഭവം അത്യന്തം നിന്ദ്യവും ഭീരുത്വപൂര്‍ണവുമായ ഭരണകൂട കൊലപാതകമാണെന്നും തണ്ടര്‍ബോള്‍ട്ടെന്ന കൊലയാളി സംഘത്തെ തിരിച്ചുവിളിക്കാനും പിരിച്ചുവിടാനും ഇടത് സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും മുന്‍ നക്സല്‍ നേതാവ് എം.എന്‍ രാവുണ്ണി പറഞ്ഞു.
സംഭവത്തില്‍ ഏറേ ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട്. വെടിവെപ്പില്‍ പാലക്കാട് എസ്.പിക്കു പോലും യാതൊരു പ്രാഥമിക വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. എല്ലാം ഡി.ജി.പിയുടെ നേതൃത്വത്തില്‍ നേരിട്ടാണ് കാര്യങ്ങള്‍ നീക്കിയത്. മാധ്യമപ്രവര്‍ത്തകരെ ഈ നിമിഷം വരെയ്ക്കും സംഭവസ്ഥലത്തേയ്ക്ക് കടത്തിവിട്ടിട്ടില്ല എന്നതും സംഭവങ്ങളിലുള്ള സര്ക്കരിന്മേലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകരെ മഞ്ചക്കട്ടിയിലേക്ക് കടത്തിവിടാത്തത് സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ ആണ് നടന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള തെളിവുകള്‍ ഒരുക്കാനുള്ള സാവകാശത്തിനു വേണ്ടിയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്ന മാവോയിസ്റ്റുകളെ വളഞ്ഞ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.