തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ സര്‍ക്കാര്‍ ഇറക്കുന്നത് ലക്ഷങ്ങള്‍. 25 ലക്ഷം മുടക്കിയാണ് സുപ്രിംകോടതിയില്‍നിന്ന് പ്രമുഖ അഭിഭാഷകനെ എത്തിച്ചു. അന്വേഷണം സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ് സര്‍ക്കാര്‍ പ്രതിഫലം നല്‍കുക. കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.

കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്!ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു ആവശ്യം. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 25 ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ രഞ്ജിത്ത് കുമാറിന്റെ കണ്‍സള്‍ട്ടേഷന്‍ ഫീസാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ഇത്രയും ഉയര്‍ന്ന തുക ചെലവഴിക്കുന്നത്. സെപ്റ്റംബര്‍ 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്.

എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശം. രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.