ജയ്പൂര്‍: പശുമോഷമാരോപിച്ച് സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരായ കേസ് രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. പെഹ്‌ലു ഖാന്റെ മരണശേഷം രാജസ്ഥാന്‍ പൊലിസ് എടുത്ത പശുമോഷണക്കേസ് ആണ് ഹൈക്കോടതി തള്ളി ഉത്തരവായത്. പെഹ്‌ലുഖാന്‍ പശുമോഷ്ടാവല്ലെന്നും ക്ഷീരകര്‍ഷകനാണെന്നും ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പശുമോഷ്ടാവാണെന്നു പറഞ്ഞ് കഴിഞ്ഞ മെയ് മാസത്തിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മക്കളായ ഇര്‍ഷാദ് ഖാനെയും ആരിഫ് ഖാനെയും ഡ്രൈവര്‍ മുഹമ്മദ് ഖാനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. രാജസ്ഥാന്‍ ഗോഹത്യ തടയല്‍ നിയമത്തിന് കീഴിലെ 5, 8, 9 വകുപ്പുകളാണ് ഖാനെതിരെയും മക്കള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഈ കേസാണ് കോടതി റദ്ദാക്കിയത്.
പെഹ്‌ലുഖാനും മക്കളും കശാപ്പുചെയ്യാനാണ് കന്നുകാലികളെ കൊണ്ടുവന്നതെന്നതിന് യാതൊരു തെളിവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖാന്റെ മക്കള്‍ നല്‍കിയ ഹരജിപരിഗണിച്ചാണ് കോടതിനടപടി. രാജസ്ഥാനിലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും കേസ് റദ്ദാക്കണമെന്ന നിലപാടെടുക്കുകയായിരുന്നു.