ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രതിസന്ധി തുടരുന്നതിനിടെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി.ജെ.പിക്കാണെന്ന് പവാര്‍ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി എന്‍.സി.പിയുമായി ബന്ധപ്പെട്ടെന്ന വാദങ്ങളെയും പവാര്‍ തള്ളിക്കളഞ്ഞു. ശിവസേന തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ സമീപിച്ചിട്ടില്ല. എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങളെ കുറിച്ചാണ് സോണിയയും പവാറും സംസാരിച്ചത്.
ജനവിധി പ്രകാരം എന്‍.സി.പി പ്രതിപക്ഷത്തിരിക്കും. എന്നാല്‍ സഖ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. ഇപ്പോള്‍ ബിജെപി സഖ്യമുണ്ടാക്കാനുള്ള കരുത്തുണ്ട്. അവരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാരുണ്ടാക്കാന്‍ അതുകൊണ്ട് ബി.ജെ.പി തന്നെ മുന്‍കൈയെടുക്കണം. ഞങ്ങളോടാരും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി താന്‍ വരുമോ എന്ന ചോദ്യങ്ങളെയും പവാര്‍ തള്ളിക്കളഞ്ഞു. ബി.ജെ.പിയും ശിവസേനയും തമ്മില്‍ നടക്കുന്ന ഗൗരവമേറിയ തര്‍ക്കമാണെന്നും പവാര്‍ പറഞ്ഞു.