ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ പൊലിസ് നരനായാട്ട്. വിദ്യാര്‍ഥിനികളടക്കമുള്ളവരെ പൊലിസ് തല്ലിച്ചതക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കാംപസിനകത്തേക്ക് കയറിയ പൊലിസ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഹോസ്റ്റലുകളിലും കാംപസില്‍ ഇറങ്ങി വിദ്യാര്‍ഥികളെ ഏകപക്ഷീയമായി അക്രമിക്കുകയാണ്. ഏതുനിമിഷവും ഇന്റര്‍നെറ്റ് വിച്ഛേദിക്കുമെന്ന അവസ്ഥയിലാണ്. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ജാമിഅയില്‍ ബസ് കത്തിച്ചത് പൊലിസ് തന്നെയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതു തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
പൊലിസിന്റെ കൂടെ പുറത്തുനിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നുണ്ട്. പൊലീസ് യൂണിഫോമില്ലാതെ പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥികളെ വടികൊണ്ട് മര്‍ദിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ മെട്രോ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. പൊലിസ് ഒത്താശയോടെയാണ് വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ഏകപക്ഷീയ ആക്രമണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.