കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തെ ക്യാമ്പസുകളില്‍ പ്രതിഷേധം കനക്കുമ്പോള്‍ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിലാണ് ഇതിനകം വന്‍ പ്രതിഷേധ റാലികള്‍ നടന്നത്. വ്യാഴാഴ്ച കോഴിക്കോട് നഗരത്തില്‍ വന്‍ പ്രതിഷേധ റാലിക്കൊരുങ്ങുകയാണ് നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ബഹുജന പ്രക്ഷോഭം നടത്തുന്നത്. ഐ.ഐ.എം കാലിക്കറ്റ്, എന്‍.ഐ.ടി കോഴിക്കോട്, ഫാറൂഖ് കോളേജ്, ജില്ലയിലെ മറ്റു കോളേജുകളിലെ വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രതിഷേധ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് നാലുമണിക്ക് മാനാഞ്ചിറയില്‍ വെച്ചാണ് പരിപാടി നടത്തുന്നത്.

കഴിഞ്ഞദിവസം ഡല്‍ഹി ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. പൊലീസ് നടത്തിയ വെടിവയ്പ്പിലും അതിക്രമങ്ങളിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ക്യാമ്പസുകളില്‍ സമരം ശക്തമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായെത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. സമരം മറ്റു ക്യാമ്പസുകളിലേക്കും പടര്‍ന്നിരിക്കുകയാണ്.
അതേസമയം നാളെ ചെങ്കോട്ടയിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.