കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ കേരളത്തിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. സംസ്ഥാനത്തെ ക്യാമ്പസുകള്ക്കുള്ളിലും പുറത്തും നിരത്തുകളിലുമായി നിലവധി പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. ക്യാമ്പസുകളില്‍ ഇതിനോടകം തന്നെ വന്‍ പ്രതിഷേധ സമരങ്ങളാണ് നടന്നത്. ഇതു തെരുവുകളിലേക്കും വ്യാപിക്കുകയാണ്.
അതേസമയം കോഴിക്കോട് ഇന്നു നടന്നത് മുപ്പതോളം പ്രതിഷേധ സമരങ്ങളായിരുന്നു. വിവിധ സംഘടനകള്‍ ഒരുമിച്ചുനിന്നും സ്വന്തം ബാനറിനു കീഴിലും പ്രകടനങ്ങള്‍ നടത്തി. എല്ലാ സമരങ്ങളും അവസാനിച്ചത് മിഠായിത്തെരുവിലെ എസ്.കെ പൊറ്റെക്കാട്ട് പ്രതിമക്കു സമീപത്തായിരുന്നു. മിഠായിത്തെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമക്കു സമീപം പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ അത് മറ്റൊരു ഓര്‍മ്മ കൂടിയാണ് നല്‍കുന്നത്.
മിഠായിത്തെരുവിന്റെ ഗലികളില്‍ ഹാര്‍മോണിയവുമായി നടന്നുപോയ എം.എസ് ബാബു രാജും കോഴിക്കോട് അബ്ദുല്‍ ഖാദറും ഖവ്വാലിയുടെയും ഗസലിന്റെയും ഈണമാണ് നമുക്ക് പകര്ന്നുതന്നതെങ്കില് ഇപ്പോഴും തെരുവില്‍ ഗസലിന്റെയും പാട്ടുകളുടെയും ഈണം തങ്ങിനില്ക്കുന്നുണ്ട്. പക്ഷേ അതിന് ആസ്വാദനത്തിന്റെ രാഗതാളമല്ല, മറിച്ച് പ്രതിഷേധത്തിന്റെ ചൂടും ചൂരുമാണുള്ളത്. അത്തരം ഒരവസ്ഥയിലേക്ക് മാറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു നാം.
രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന നിയമത്തിനെതിരേ മിഠായിത്തെരുവില്‍ പ്രതിഷേധങ്ങള്‍ തിളച്ചുമറിയുമ്പോള്‍ എസ്.കെയും നമുക്കൊപ്പമുണ്ട്. ഒരു തെരുവിന്റെ കഥയില്‍ എസ്.കെ വിവരിക്കുന്നത് സന്തോഷവും ദുഖവും നിറഞ്ഞ തെരുവുകളില്‍ താമസിക്കുന്നവരുടെ ജീവിതമാണല്ലോ…. അതെ, ഇപ്പോള്‍ ദുഖമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധത്തിന്റെ നാളങ്ങള്‍ ഉയര്‍ന്നുപൊങ്ങുകയാണ്. സന്തോഷം വരുമ്പോള്‍ വീണ്ടും ഗസല്‍മഴ ഇവിടെ പെയ്യുമെന്നു തീര്‍ച്ചയാണ്.
ഇന്ന് രാവിലെയും വൈകുന്നേരവുമായി നടന്ന വിവിധ സംഘടനകളുടെ പ്രതിഷേധ സമരങ്ങളില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരം, കോഴിക്കോട്ടെ അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, സ്പ്റ്റ്കോ, എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, സാംസ്കാരിക കൂട്ടായ്മ, വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മ, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ മുപ്പതോളം പ്രകടനങ്ങളാണ് നഗരത്തില്‍ നടന്നത്. ഒടുവില്‍ എല്ലാം അവസാനിച്ചത് എസ്.കെയുടെ പ്രതിമിക്കു സമീപത്തും.