ഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ മുന്നിൽ നിന്ന് നയിച്ചപ്പോൾ പിന്നിൽ അണിനിരന്നത് പതിനായിരങ്ങൾ. ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്നാണ് ജന്തർമന്ദിറിലേക്ക് പടുകൂറ്റൻ റാലി നടന്നത്. ഡൽഹി ജുമാ മസ്ജിദിൽ ജുമുഅ നിസ്കാരം കഴിഞ്ഞിറങ്ങിയവർ ഒരുമിച്ചുകൂടി റാലി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണയുമായി എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്നിൽ പതിനായിരങ്ങൾ അണിനിരക്കുകയായിരുന്നു.
അതിനിടെ ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യാാ പൊലീസ് ശ്രമിച്ചു. പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ജുമഅ മസ്ജിദിനുള്ളിലേക്ക് പൊലീസ് കടന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

 

ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ വലിയ രീതിയില്‍ ആളുകള്‍ എത്തുകയും പ്രതിഷേധം ഇപ്പോഴും തുടരുകയുമാണ്.

ദല്‍ഹി സീലാംപൂര്‍ മസ്ജിദിനും മുന്നിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ദല്‍ഹിയിലെ പെട്രോള്‍ പമ്പുകള്‍ പലതും അടച്ചിട്ടു. വാഹനഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തിന് എത്തുന്നത് തടയാന്‍ വേണ്ടിയാണ് വാഹന ഗതാഗതം നിരോധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അംബദ്ക്കറിന്റെ ചിത്രവും ഭരണഘടനയും ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചായിരുന്നു മാർച്ച്.