തിരുവനന്തപുരം: കോഴിക്കോട്ടെ മാവോയിസ്റ്റ് കേസ് എന്‍.ഐ.എക്ക് കൈമാറിയത് കേന്ദ്ര സര്‍ക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍.ഐ.എക്ക് കൈമാറിയത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ കേസ് എന്‍.ഐ.എക്ക് വിട്ടതില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി അലന്റെ മാതാവ് സബിത രംഗത്തെത്തിയിരുന്നു. ജാമിഅ മില്ലിയ്യയിലെ മലാളി വിദ്യാര്‍ഥികള്‍ക്ക് ഇടപെടുന്ന സംസ്ഥാന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണോ എന്നായിരുന്നു സബിത ചോദിച്ചിരുന്നത്.

നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു.