UnlockMedia | Kerala's Best News Portal

എജ്ജാതി കൗണ്ടര്‍; വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ; മോദിയുടെ പ്രസ്താവനക്കെതിരേ നടി അനശ്വര രാജന്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടി അനശ്വര രാജന്‍. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, റിജക്ട് സി.എ.ബി എന്നാണ് നടി ഇന്‍സ്റ്റഗ്രാസമില്‍ പോസ്റ്റ് ചെയ്തത്. പര്‍ദ്ദയും ഹിജാബും ധരിച്ചാണ് തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ‘കലാപം നടത്തുന്നവരെ അവരുടെ വസ്ത്രംകൊണ്ടു തിരിച്ചറിയാമെന്ന്’ പ്രധാനമന്ത്രി പറഞ്ഞത്്. ജാര്‍ഖണ്ഡിലെ ദുംകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിച്ച് അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. മുസ്ലിംകളെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനയെ മുസ്ലിം വേഷം ധരിച്ചാണ് പലരും തിരിച്ചടിച്ചത്.


അതിനിടെ പൗരത്വനിയമത്തിനെതിരേ വൈകിയാണെങ്കിലും മലയാള സിനിമാ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍വ്വതി തിരുവോത്ത്, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമരന്‍, ഗീതു മോഹന്‍ദാസ്, പൃഥ്വിരാജ്, ടോവിനോ, റിമാ കല്ലിങ്കല്‍, അമല പോള്‍, സണ്ണിവെയ്ന്‍ തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, എവിടെ, ആദ്യരാത്രി, ഉദാഹരണം സുജാത എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ചെറുപ്രായത്തില്‍ തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Exit mobile version