UnlockMedia | Kerala's Best News Portal

റെന്നയും ലദീദയും എത്തി; കലയുടെ കലാപമായി ആര്‍ട്ട് അറ്റാക്ക്; കോഴിക്കോട്ട് പ്രതിഷേധക്കടലിരമ്പം: വീഡിയോ

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരേ ‘ആര്‍ട്ട് അറ്റാക്ക്’ എന്ന പേരില്‍ കോഴിക്കോട്ട് നടന്ന പ്രതിഷേധ റാലിയും സംഗമവും കലാകാരന്മാരുടെ വിവിധങ്ങളായ പ്രതിഷേധ സൂചകങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. കോഴിക്കോട്ടെ കലാകാരന്മാരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിരോധത്തിന്റെ പുതിയ തലങ്ങള്‍ ചേര്‍ത്തെഴുതിയ ജാമിഅയിലെ സമരപ്പോരാളികളായ ലദീദയും റെന്നയും റാലിയെ മുന്നില്‍നിന്ന് നയിച്ചു. റിലിക്കു മുന്നോടിയായി താജ് ബക്കറിന്റെ ഫാസിസ്റ്റ് വിരുദ്ധ കലാരൂപവും അരങ്ങേറി. മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്മാരെ രണ്ടായി തിരിക്കാനുള്ള മോദി-അമിത് ഷാ ദ്വയത്തിനെതിരേ റാലിയില്‍ പ്രതിഷേധമിരമ്പി. റാലിയില്‍ വിവിധങ്ങളായ കലാരൂപങ്ങളും അവതരിപ്പിച്ചിരുന്നു.

 

കോല്‍ക്കളിയും പ്രതീകാത്മകമായി മയ്യിത്ത് കൊണ്ടുപോകല്‍, മൂകാഭിനയം തുടങ്ങിയവ പ്രതിഷേധത്തിന്റെ പുതിയ രൂപകങ്ങളായി. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ജാമിഅ മില്ലിയ്യയിലെയും അലിഗഢിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചും നടന്ന റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ സ്തംഭിപ്പിച്ചു. വൈകിട്ട് ആറോടെ ബീച്ചില്‍ റാലി സമാപിച്ചതോടെ ജാമിഅയുടെ സമരപ്പോരാളികളായ അയ്ഷ റെന്നയ്ക്കും ലദീദയ്ക്കും ചുറ്റും ജനം തടിച്ചുകൂടി. അവര്‍ ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചപ്പോള്‍ അറബിക്കടലിന്റെ തീരത്ത് പ്രതിഷേധക്കടലിരമ്പം തീര്‍ത്തു.

അയ്ഷ റെന്ന, ലദീദ, ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍, തിരക്കഥാകൃത്ത് മുഹ്‌സിന്‍ പെരാരി, സംവിധായകന്‍ സക്കരിയ്യ, സലാം കൊടിയത്തൂര്‍, കലാസംവിധായകന്‍ അനീസ് നാടോടി, തിരക്കഥാകൃത്ത് ഹര്‍ഷദ്, ഗസല്‍ ഗായകന്‍ സമീര്‍ ബിന്‍സി, രാഘവന്‍ അത്തോളി സംബന്ധിച്ചു. പ്രതീകാത്മകമായി ജയിലുകള്‍ കത്തിച്ചുകൊണ്ടാണ് ആര്‍ട്ട് അറ്റാക്ക് സമാപിച്ചത്.

Exit mobile version