പാലക്കാട്: കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനമായ അഗളി മഞ്ചിക്കണ്ടി വനമേഖലയില്‍ വെച്ചാണ് മാവോയിസറ്റകളെ തണ്ടര്‍ബോള്‍ട്ട് വധിച്ചത്. പട്രോളിങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയാണെന്നാണ് പോലീസ് പറയുന്നത്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ മരിച്ചതായും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി, കര്‍ണാടക സ്വദേശിയായ സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ മണിവാസകം എന്ന ഒരു മാവോയിസ്റ്റിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്കു കൂടി വെടിയേറ്റതായി സൂചനയുണ്ട്. രക്ഷപെട്ട ഇവര്‍ക്കു വേണ്ടിയും തിരച്ചില്‍ തുടരുകയാണ്. സ്ഥലത്തു നിന്ന് മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കുകളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ആഭ്യന്തരമന്ത്രി കൂടിയായ പിണറായിയുടെ നടപടിക്കെതിരേ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. കഴിഞ്ഞദിവസമാണ് വാളയാര്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇതില്‍ ഇടതു സര്‍ക്കാരിനെതിരേ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവം വാളയാര്‍ വിഷയം വഴിതിരിച്ചുവിടാനാണെന്നാണ് ആരോപണം. ഇതു മൂന്നാം തവണയാണ് പിണറായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റുകളെ വേട്ടയാടുന്നത്. അതേസമയം അഗളിയിലെ വെടിവയ്പ്പില്‍ ഒരു പൊലീസുകാരനു പോലും പരുക്കേല്‍ക്കാത്തത് വ്യാജഏറ്റുമുട്ടലാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.
നക്‌സലൈറ്റ് പ്രസ്ഥാനം പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച, നിരവധി പോലീസുകാരും ജന്മിമാരും കൊലചെയ്യപ്പെട്ട കാലത്ത് പോലും കേരളത്തില്‍ ഇത്രയധികം പേരെ വെടിവെച്ചു കൊന്നിട്ടില്ല. അടിയന്തിരവസ്ഥ കാലത്തെ കരുണാകരന്‍ പോലും ഇതിനേക്കാള്‍ ഭേദമായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചു.