ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. വ്യാഴാഴ്ച രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ചു. രണ്ടായിരത്തോളം പേരാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്.
പ്രധാന റോഡിലൂടെ കാമ്പസിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിക്കുകയും ചെയ്തു. ഏഴാം ഗേറ്റ് അടച്ചിടുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞും ഹിന്ദുത്വ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിദ്യാര്‍ഥികള്‍ തെരുവുകളിലേക്ക് പടര്‍ന്നിരിക്കുകയാണ്.
പൗരത്വ ബില്‍ ലോകസഭയില്‍ പാസായതിന്റെ പിറ്റേ ദിവസമാണ് ആദ്യമായി ജാമിഅയില്‍ വിവിധ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. അന്നുരാത്രി തന്നെ എം.എസ്.എഫും പ്രതിഷേധം സംഘടിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഐസയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. വെള്ളിയാഴ്ച അധ്യാപക കൂട്ടായ്മയും സ്റ്റാഫ് സംഘടനകളും ഉച്ചയ്ക്ക് സമരം നടത്തുന്നുണ്ട്.
അതിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനും കൂടി ജാമിഅ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുകയാണ്. ജാമിഅയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ ദൂരമുള്ള പാര്‍ലമെന്റിലേക്ക് ലോങ് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍. എസ്.ഐ.ഒ കാംപസ് ഫ്രണ്ട്, എം.എസ്.എഫ് എന്നീ സംഘടനകളാണ് ലോംഗ് മാര്‍ച്ചിനു നേതൃത്വം നല്‍കുന്നത്. മറ്റു വിദ്യാര്‍ഥി കൂട്ടായമകളും പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷമായി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ മാറിക്കൊണ്ടിരിക്കുകയാണ്്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ 25000 ത്തോളം വരുന്ന 25,000 വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം മുതല്‍ നിരാഹാര സമരമിരുന്നത്. സര്‍വകലാശാല അടച്ചിട്ട് സെമസ്റ്റര്‍ പരീക്ഷകള്‍ പോലും ബഹിഷ്‌ക്കരിക്കാനും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിരുന്നു. അതിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ജെ.എന്‍.യുവിലും ഫീസ് വര്‍ധനവിന്റെ പേരില്‍ സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
Newscupe Webdesk Team