മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനിടെ ബോളിവുഡ് താരങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, ബി.ജെ.പി വൈസ് പ്രസിഡന്റ് ജയ് പാണ്ഡ എന്നിവരാണ് മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യോഗം വിളിച്ചുകൂട്ടിയത്. ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മിത്തും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യും.
ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദ, ജാക്കി ഷ്‌റോഫ്, സുനില്‍ ഷെട്ടി, രവീണ ടണ്ടന്‍, കബിര്‍ ഖാന്‍, രാജ്കുമാര്‍ ഹിരണി, ബോണി കപൂര്‍, പ്രഹ്ലാദ് കാക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചത്. അതേസമയം നിയമത്തിനെതിരേ ശക്തമായി പ്രതിഷേധിച്ച പ്രമുഖ താരങ്ങളായ അനുരാഗ് കശ്യപ്, നിഖില്‍ അദ്വാനി, സിദ്ധാര്‍ഥ്, സുശാന്ത് സിംഗ് എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല.
നേരത്തെ ഗൃഹസന്ദര്‍ശനമടക്കമുള്ള പരിപാടിയുമായി പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ ബി.ജെ.പി രംഗത്തെത്തിയിരുന്നു. പുറമെ മിസ്ഡ് കാളിലൂടെയും പൗരത്വ നിയമത്തെ അനുകൂലിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.
എന്നാല്‍ ഇതെല്ലാം സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുകയായിരുന്നു. വിഡിയോ സ്ട്രീമിങ് നെറ്റ് വര്‍ക്കായ നെറ്റ് ഫഌക്‌സിന്റെ സ്ബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ വിളിക്കൂവെന്ന അറിയിപ്പിനൊപ്പം കൊടുത്തത് നിയമത്തെ അനുകൂലിക്കുന്നതിന് ബി.ജെ.പി നല്‍കിയിരുന്ന ഫോണ്‍ നമ്പറായിരുന്നു. ഇതിനെതിരേ ട്വിറ്ററില്‍ നെറ്റ്ഫളിക്‌സ് തന്നെ രംഗത്തുവന്നു.