വെങ്ങാനൂർ: കേരള പര്യടനത്തിനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ വെങ്ങാനൂർ മഹാത്മ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി.
വെങ്ങാനൂർ എത്തിയ ആസാദിനെ നൂറ് കണക്കിന് ആരാധകരും വിവിധ സംഘടനാ പ്രവർത്തകരും ജയ്ഭീം വിളികളോടെ സ്വീകരിച്ചു.
വർണവ്യവസ്ഥക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപം സന്ദർശിക്കാനും അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന അർപ്പിക്കാനുമാണ് ആസാദ് എത്തിയത്.
പുഷ്പാർച്ചനക്ക് ശേഷം അയ്യങ്കാളി സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ സ്കൂളും, സാധു പരിപാലന സംഘം ഓഫീസും അദ്ദേഹം സന്ദർശിച്ചു.
പ്രശസ്ത ചിത്രകാരനും ദലിത് ആക്ടിവിസ്റ്റുമായ ഹർഷവർദ്ധൻ മണലിൽ വരച്ച ചിത്രം ദലിത് മുസ് ലിം സൗഹൃദവേദി ജനറൽ കൺവീനർ എ.എം നദ് വി സമ്മാനിച്ചു.
നിരവധി ദലിത് മുസ് ലിം സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.