ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ നേതൃത്വം നല്കിയ ജാമിഅയില്‍ വിദ്യാര്ഥികള്ക്കെതിരേ ഡല്‍ഹി പൊലീസ് യ.എ.പി.എ ചുമത്തി കേസെടുത്തു. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗര്‍ എന്നിവര്‍ക്കെതിരേയാണ് യു.എ.പി.എ ചുമത്തിയത്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനെതിരേയും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്തിയാണ് മീരാനെതിരെയും സഫൂറയ്ക്കെതിരെയും കേസെടുത്തത്.
സഫൂറ ജാമിഅയില്‍ എം ഫില്‍ വിദ്യാര്ഥിനിയം മീരാന്‍ ഹൈദര്‍ പി എച്ച്ഡി വിദ്യാര്‍ഥിയുമാണ്. കൊലപാതകം, കൊലപാതകശ്രമം, മതാടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക, രാജ്യദ്രോഹം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
പ്രകോപനപരമായ പ്രസംഗം നടത്തിയതിനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണെന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം നടത്തണമെന്ന് ആലോചിച്ചു എന്ന പേരിലുമാണ് ഉമര്‍ ഖാലിദിനെതിരേ കേസെടുത്തിരിക്കുന്നത്.
അതിനിടെ കഴിഞ്ഞദിവസം കശ്മീരില്‍ ദേശവിരുദ്ധ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തക മസ്റത്ത് സഹ്റയ്ക്കെതിരേ യു.എ.പി.എ ചുമത്തിയിരുന്നു. ഇതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.