UnlockMedia | Kerala's Best News Portal

ജനാധിപത്യത്തെ മറുവിചാരണ ചെയ്ത് ഉത്തരകാലം സംവാദ സദസ്സ്

കോഴിക്കോട്: ജനാധിപത്യത്തെ പ്രശ്‌നവല്‍ക്കരിച്ച് ഉത്തരകാലം വെബ് മാഗസിന്‍ സംഘടിപ്പിച്ച സംവാദ സദസ്സ് ശ്രദ്ധേയമായി. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ ആരംഭിച്ച സംവാദ സദസ്സിന്റെ ഉദ്ഘാടനം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ എം.ടി അന്‍സാരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യം ആരെയാണ് പുറം തള്ളുന്നതെന്നും ആരെ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സമത്വ ഹിംസയിലൂടെ വ്യത്യസ്തതകളെ ഏകരൂപമാക്കുമ്പോള്‍ തുല്യനീതി വ്യത്യസ്തതകളെ അതേരൂപത്തില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നിലവിലെ ഇന്ത്യന്‍ ജനാധിപത്യം ഇക്വിറ്റിയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യമല്ല എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘാടക മികവു കൊണ്ട് ശ്രദ്ധേയമയ പരിപാടിയില്‍ നിരവധി ആക്ടിവിസ്റ്റുകളും എഴുത്തുകാരും ബുദ്ധിജീവികളും സംവദിച്ചു. സുദേഷ് എം. രഘു ആമുഖ ഭാഷണം നിര്‍വഹിച്ചു, എസ്.എ അജിത് കുമാര്‍, ഗോപാല്‍ മേനോന്‍, സി.കെ അബ്ദുല്‍ അസീസ് സംവദിച്ചു. ജെ.എന്‍.യു ഗവേഷക ഉമ്മുല്‍ ഫായിസ മോഡറേറ്റ് ചെയ്തു.

സ്ത്രീവാദം, കീഴാള രാഷ്ട്രീയം, ജനാധിപത്യം എന്ന വിഷയത്തില്‍ ഇഫ്‌ലു യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷെറിന്‍ ബി.എസും പുതുരാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളും എന്ന വഷയത്തില്‍ ചിന്തകന്‍ കെ.കെ ബാബുരാജും സംവദിച്ചു.

അദൃശ്യം, അപരം, വ്യത്യാസം, ജനാധിപത്യത്തിന്റെ സംഘര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ എസ് എ അജിത് കുമാര്‍ സംവദിച്ചു.

വിനീതാ വിജയന്‍, കെ.പി ഫാത്തിമ ശറിന്‍, സമീര്‍ ബിന്‍സി, മൃദുല ഭവാനി, ജബ്ബാര്‍ ചുങ്കത്തറ, സാദിഖ് പി.കെ, ശബരി, ജാസ്മിന്‍ പി.കെ, സതി അങ്കമാലി, സുദീപ് കെ.എസ്, കെ. അഷ്‌റഫ് പ്രദീപ് കുളങ്ങര, ശാരിക പള്ളത്ത്, ശ്രുതീഷ് കണ്ണാടി, ഷൈമ പച്ച, വസീം ആര്‍.എസ്, ജോണ്‍സന്‍ ജോസഫ്, എം.കെ അബ്ദുസ്സമദ്, ഫാത്തിമ ബത്തൂല്‍ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍ പങ്കെടുത്ത് സംസാരിച്ചു. പരിപാടിക്ക് ശേഷം പൗരത്വനിയമ ഭേദഗതിക്കെതിരേ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.

Exit mobile version