കോഴിക്കോട്: ലോക്ക് ഡൗണിനിടയിലും ഏവരെയും ക്ഷണിച്ചുകൊണ്ട് ഗാനമേളയും നാടകവുമൊരുക്കി കേരള പൊലീസും മാതൃഭൂമിയും. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടക്കിയിട്ടുണ്ട്.

കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പൊലീസും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കോഴിക്കോട് ഭട്ട് റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് നടക്കുന്നത്. പോസ്റ്ററിനു താഴെ സാമൂഹ്യ അകലം പാലിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും സ്വാഗതം എന്ന് എഴുതിയിട്ടുണ്ട്. ഒരു പൊലീസുകാരന്‍ മൈക്ക് പിടിച്ചുകൊണ്ട് സംസാരിക്കുന്ന ചിത്രവും കൂടെയുണ്ട്.

അതേസമയം പരിപാടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വിവിധ മേഖലകളാക്കി തിരിച്ച സംസ്ഥാനത്തെ റെഡ് സോണിലാണ് കോഴിക്കോട് ജില്ല ഉള്‍പ്പെടുന്നത്. അതീവ സുരക്ഷയൊരുക്കേണ്ട മേഖലയില്‍ കേരള പൊലീസ് തന്നെ കൂടി നില്‍ക്കാന്‍ അവസരം ഒരുക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍പെടുത്താന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.