തൃശ്ശൂര്‍: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കാണു പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ആള്‍ക്കൂട്ടം, അഭയാര്‍ഥികള്‍, മരണസര്‍ട്ടിഫിക്കറ്റ്, ഗോവര്‍ധന്റെ യാത്രകള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ജൈവമനുഷ്യന്‍ തുടങ്ങിയവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍. നമുക്ക് പരിചിതമല്ലാത്ത മനുഷ്യന്റെ അനുഭവങ്ങളെ അതിതീക്ഷ്ണമായി അവതരിപ്പിച്ച് വായനക്കാരന് പുതിയ ഭാവുകത്വം നല്‍കുകയായിരുന്നു അദ്ദേഹം തന്റെ എഴുത്തുകളിലൂടെ.

പി. സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ഥ പേര് . 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുവര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്‍പ കലയിലും തല്‍പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിര്‍മിച്ച ശില്‍പങ്ങളുടെ ചിത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.