കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍. സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടിക്കാണ് പ്രിന്‍സിപ്പൽ അകാരണമായി അനുമതി നിഷേധിച്ചത്.
അനുമതിക്കായുള്ള അപേക്ഷ നല്കാന് വൈകിയെന്നാരോപിച്ചാണ് പ്രിന്‍സിപ്പല്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
പൗരത്വനിയമ ഭേദഗതിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ ലോങ് മാര്‍ച്ച് നടത്തി കേരളത്തില്‍ തന്നെ ശ്രദ്ധേയമായ കോളജായിരുന്നു ഫാറൂഖ് കോളജ്.
അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആസാദ് പരിപാടിയില്‍ പങ്കെടുത്താല്‍ ഫാറൂഖ് കോളജ് വിവാദങ്ങളില്പ്പെടുമെന്ന പ്രിന്‍സിപ്പലിന്റെ ഭയമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
അതിനിടെ അനുമതി നിഷേധിച്ചതില്‍ എം.എസ്.എഫ് , ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.