അമീറ അയിഷാബീഗം
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം നിര്‍ത്തിവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി എന്താണ് അര്‍ത്ഥമാക്കുന്നത്? തങ്ങള്‍ പറയുന്ന അതിരുകള്‍ക്കുള്ളില്‍ മാത്രം മാധ്യമ പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത് എങ്ങനെയാണ്? ഇത് ആര്‍ക്കുള്ള സന്ദേശമാണ്? മാധ്യമങ്ങളെ വെറുക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടത് ആരെയാണ് സഹായിക്കുക? .
അല്‍പ്പകാലം മുമ്പ് എഴുതിയ ഈ കുറിപ്പ് ഇതിനുള്ള ഉത്തരങ്ങളില്‍ ചിലത് നല്‍കുന്നുണ്ട്. അതൊന്ന് വായിക്കാം.
മാധ്യമങ്ങളെ എങ്ങനെ നിശബ്ദമാക്കാം ? ലോകമെങ്ങുമുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യത്തിലൂടെ അധികാരത്തിലേറുന്ന തീവ്രവലതുപക്ഷ ഭരണകൂടങ്ങളും മിലിറ്ററി ജുണ്ടാ ഭരണവ്യവസ്ഥകളുമെല്ലാം ഏറെ താല്‍പ്പര്യപ്പെടുന്ന ഒരു കാര്യമാണിത്. പുറത്തുവരാന്‍ ഭരണകൂടം താല്പ്പര്യപെടാത്ത വസ്തുതകള്‍ പുറത്തുകൊണ്ടുവരിക, ഭരണകൂടത്തിന്റെ ജനവിരുദ്ധതയ്ക്ക് എതിരെ അവബോധം സൃഷ്ടിക്കുക, ഭരണത്തിന്റെ പേരില്‍ നടക്കുന്ന അപ്രിയ സത്യങ്ങളെ തുറന്നുകാട്ടുക, സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നവിധം ഭരണകൂടങ്ങളുടെ ജനവിരുദ്ധതയ്ക്കെതിരെ കാവല്ക്കണ്ണായി വര്‍ത്തിക്കുക, ജനങ്ങളെ ശാക്തീകരിക്കുക എന്നിങ്ങനെയുള്ള അടിസ്ഥാന മാധ്യമധര്മ്മങ്ങളോടുള്ള ഭയമാണ് ഭരണകൂടങ്ങളെ ഈ ആഗ്രഹങ്ങളിലേക്ക് എത്തിക്കുന്നത്. ഈ താല്‍പ്പര്യങ്ങളാണ് മാധ്യമനിശ്ശബ്ദത സൃഷ്ടിക്കാനുള്ള മാര്‍ഗങ്ങളിലേക്ക് ഭരണകൂടങ്ങളെ നയിക്കുന്നതും.
തലങ്ങും വിലങ്ങും വിമര്‍ശിക്കുക, ഭയപ്പെടുത്തുക, നിശ്ശബ്ദരാക്കുക, മെരുക്കുക എന്നിങ്ങനെ വ്യക്തമായ ഒരു പാറ്റേണ്‍ ഈ ആഗ്രഹപൂര്ത്തീകരണങ്ങള്ക്കുണ്ട്. അതിനാദ്യം ചെയ്യുക മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കലാണ്. ലാഭാധിഷ്ഠിത വിപണിക്കൊപ്പം സഞ്ചരിക്കുന്ന ഒരു വ്യവസായം എന്ന നിലയില്‍, മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും തെറ്റുകളും കുഴപ്പങ്ങളും പെരുപ്പിച്ചു കാട്ടിയും വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിച്ചുമാണ് ഇതിന് അരങ്ങൊരുക്കുന്നത്. പ്രെസ്സ്റ്റിട്യൂട് എന്നും ജീര്‍ണലിസം എന്നും മാധ്യമ വേശ്യകളെന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത് ഈ ഭരണകൂട താല്‍പ്പര്യങ്ങളായിരുന്നു. വിശ്വാസ്യത ഇല്ലാതായാല്‍ പിന്നെ മാധ്യമങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമാണ്. ആര്‍ക്കുവേണ്ടിയാണോ മാധ്യമപ്രവര്‍ത്തനം നടത്തുന്നത് ആ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി മെനക്കെടുന്നതില്നിന്നും മാധ്യമങ്ങള്‍ സ്വയം പിന്തിരിഞ്ഞോളും. അടുത്ത പടി മാധ്യമസ്ഥാപനങ്ങള്‍ സ്വന്തം നിയന്ത്രണങ്ങളിലാക്കുകയാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ള വന്‍കിട ബിസിനസുകാരെയും കോര്‍പ്പറേറ്റുകളെയും ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്ക്കെടുക്കുകയാണ് ഇതിന്റെ രീതി. ഇതു സംഭവിച്ചു കഴിഞ്ഞാല്‍, ഒറ്റപ്പെട്ടു നില്ക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും മാത്രമാവും അരങ്ങിലുണ്ടാവുക. അവരെ കൈകാര്യം ചെയ്യാന്‍ ഭീഷണികളും കൈയേറ്റങ്ങളും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഒതുക്കലുകളും മതിയാവും. ഈ ബഹുമുഖതന്ത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സമ്പൂര്‍ണ്ണമായും സര്‍ക്കാറിന് മെരുങ്ങിയിരിക്കും. ഇതാണ് ഭരണകൂടങ്ങളുടെ മനസ്സിലിരിപ്പ്.
പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ രാജ്യത്തെ മാധ്യമങ്ങളുടെ ഭാവി എന്താവുമെന്നതിനെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളും ആശങ്കകളും വിപല്സൂചനകളുമെല്ലാം കറങ്ങിനില്‍ക്കുന്നത് മുകളില്‍പ്പറഞ്ഞ ബഹുമുഖതന്ത്രങ്ങളിലായിരുന്നു. ആ വിപല്‍സൂചനകള്‍ ശരിയായി വരികയാണെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തെ മാധ്യമ സാഹചര്യങ്ങള്‍. ഈ പശ്ചാത്തലത്തില്‍ വേണം, തെരഞ്ഞെടുപ്പാനന്തരം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും നടക്കുന്ന അതിക്രമങ്ങളെ കാണാന്‍. സര്‍ക്കാര്‍ എം ഡി ടി വി അടക്കമുള്ള മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത് ഈ പശ്ചാത്തലത്തില്‍ തിരിച്ചറിയണം.
പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന സമീപകാല സംഭവങ്ങള്‍ നോക്കൂ. അതില്‍ നമ്മളാദ്യം സൂചിപ്പിച്ച പാറ്റേണ്‍ കാണാം. പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവര്ത്തകന് അറസ്റ്റിലായത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടെന്ന പരാതിയിലായിരുന്നു അറസ്റ്റ്. പരാതിക്കാരന് ആരെന്നോ, ഒരു പൊലീസ് ഉദ്യോഗസ്ഥന്! യുപി പൊലീസ് ആണ് കേസ് എടുത്തത്. പരാതിക്കിടയായ പോസ്റ്റ് ഇട്ട മാധ്യമപ്രവര്ത്തകന് ദില്ലിയിലാണ്. ഫെഡറല്‍ വ്യവസ്ഥകള്‍ എല്ലാം ലംഘിച്ച് യു പി പൊലീസ് ദില്ലിയില്‍ വരികയും വീട്ടില്‍ ചെന്ന് പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യോഗി ആദിത്യനാഥുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളം വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്ന് യോഗി ആദിത്യനാഥിന്റെ ഓഫിസിനു പുറത്തു വെച്ച് ഒരു യുവതി വെളിപ്പെടുത്തുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. ആ വീഡിയോ കമന്റുകളോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് അറസ്റ്റിനു വഴിവെച്ചത്. ആ വീഡിയോയെക്കുറിച്ച് വാര്‍ത്ത സംപ്രേഷണം ചെയ്തതിനാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനല്‍ ‘നാഷണല്‍ ലൈവി’ന്റെ എഡിറ്റര്‍ ഇഷിത സിങ്, ഹെഡ്ഡ് അനുജ ശുക്ല എന്നിവരെ ഐ.ടി നിയമം 66 പ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഭരണകൂട ഭാഷ്യങ്ങളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറച്ചുനാളായി നല്ല കാലമല്ല ഇവിടെ. സത്യസന്ധമായി മാധ്യമ ധര്‍മം നിര്‍വഹിച്ചിരുന്ന, ജനാധിപത്യ പ്രക്രിയയെ ത്വരിതപ്പെടുത്തിയിരുന്ന നിരവധി പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ക്കു ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. മാധ്യമഭീമന്മാരെ വിലക്കെടുത്തു കൊണ്ട് ജനസമ്മതി അനുകൂലമാക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ തുറന്നു കാണിച്ച ‘കോബ്രപോസ്റ്റുകള്’ പലതും ിസ്സഹായരായി നമ്മുടെ മുന്നിലുണ്ട്. നേരറിയാനുള്ള നമ്മുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന്റെ സാക്ഷ്യമാണ് വാസ്തവത്തില്‍ ഇത്. മൗനവും ചിരിയും കൊണ്ട് നേരിട്ട ആദ്യത്തെയും അവസാനത്തെയും വാര്‍ത്താ സമ്മേളന പ്രഹസനം മാറ്റി വെച്ചാല്‍, ഒരു വാര്‍ത്താ സമ്മേളനത്തില്‍ പോലും പങ്കെടുക്കാത്ത ഭരണാധികാരിയാണ് തിരിച്ചു വന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിശ്ശബ്ദനാവുക മാത്രമല്ല വിമര്‍ശനാത്മക നിലപാടെടുത്ത മാധ്യമങ്ങളെ നിശ്ശബ്ദമാക്കുക കൂടെയാണ് ഭരണകൂടതന്ത്രം. മാധ്യമപ്രവര്‍ത്തകരെ സ്ഥിരമായി പ്രെസ്റ്റിറ്റിയൂട്ട്സ് എന്ന് വിളിച്ചാക്ഷേപിക്കുകയും ന്യൂസ്ചാനലിനെ ഒരു പാഠം പഠിപ്പിക്കും എന്ന് പരസ്യമായി പറയുകയും ചെയ്ത രാഷ്ട്രീയനേതാക്കളും പൂര്‍വാധികം ശക്തിയോടെ അധികാരതലപ്പത്തുണ്ട് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
സര്‍ക്കാറിന്റെ അപ്രഖ്യാപിത വിലക്ക് നേരിട്ട കരണ്‍ ഥാപ്പര്‍ തൊട്ട് റോഡില്‍ പിടഞ്ഞു വീണുമരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വരെ നിരവധി മാധ്യമപ്രവര്‍ത്തകരെ അടുത്തകാലത്തായി നാമറിഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ടയെ തുറന്നു കാണിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇവരില്‍ ഏറെപ്പേരും ചെയ്ത കുറ്റം. കിഷോര്‍ ചന്ദ്ര വാങ്കേം, ഹരീഷ് ഖാരെ, റാണ അയ്യൂബ് , രവീഷ് കുമാര്‍, ബര്‍ഖ ദത്ത്, സാഗരിക ഘോഷ്, രചന ഖൈറ തുടങ്ങി വധഭീഷണികളും കള്ളക്കേസുകളും വരെ നേരിടുന്നവര്‍ നിരവധി. വനിതാ മാധ്യമപ്രവര്‍ത്തകരെ അവര്‍ നേരിടുന്നത് ബലാത്സംഗ ഭീഷണികള്‍ കൊണ്ടും മോര്‍ഫ് ചെയ്ത പോണ് വിഡിയോകള്‍ പ്രചരിപ്പിച്ചുമാണ്. 2014 മുതല്‍ നടന്ന ഹേറ്റ് ക്രൈംസ് റിപ്പോര്‍ട്ടിന്റെ പേരിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ബോബി ഘോഷിനു രാജി വെച്ചൊഴിയേണ്ടി വന്നത്. അന്വേഷണാത്മക പത്രധര്‍മത്തെ ഭീഷണികൊണ്ട് നേരിട്ടതിന്റെ തെളിവായിരുന്നു എബിപി ന്യൂസ് ചാനലില്‍ നിന്ന് ഉള്ള പുണ്യപ്രസൂന് ബാജ്പേയിയുടെയും മിലിന്ദ് ഖാണ്ഡേക്കറുടെയും രാജി. പ്രധാനമന്ത്രിയുടെ ജനകീയ പദ്ധതിയുടെ ഗുണഭോക്താവാണ് താനെന്ന് പ്രധാനമന്ത്രിയുമായുള്ള ടെലികോണ്ഫറെന്സില് പറഞ്ഞ ചന്ദ്രമതി കൗശിക് എന്ന ഗ്രാമീണസ്ത്രീയെ നേരില്‍ കണ്ടു ഇന്റര്‍വ്യൂ ചെയ്ത് അതിനു പിന്നിലെ നാടകം പൊളിച്ചതിന്റെ ശിക്ഷയായിരുന്നു അവരുടെ രാജിയില്‍ എത്തിച്ചത്. എന്‍ ഡി ടിവി ആസ്ഥാനത്തും അതിന്റെ സ്ഥാപകന്‍ പ്രണോയ് റോയുടെ വീട്ടിലും നടന്ന സിബിഐ റെയ്ഡുകളും ക്വിന്റിനെതിരെ നടന്ന ആദായനികുതി റെയ്ഡുകളുമെല്ലാം ഈ പശ്ചാത്തലത്തില്‍ കാണണം.
ഓരോ രാജ്യത്തും ജേര്‍ണലിസ്റ്റുകള്‍ക്കും വാര്‍ത്താമാധ്യമ സ്ഥാപനങ്ങള്‍ക്കും സൈബര്‍ ഇടങ്ങളില്‍ അഭിപ്രായം പങ്കു വെക്കുന്നവര്‍ക്കും ഉള്ള ആവിഷ്കാര സ്വാതന്ത്ര്യവും അത് സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ എടുക്കുന്ന നടപടികളും അടിസ്ഥാനമാക്കി ‘റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടന ഓരോ വര്‍ഷവും പ്രസ് ഫ്രീഡം ഇന്‍ഡക്സ് എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. 2018 ലെ ആ റിപ്പോര്‍ട്ട് പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 138 ാം സ്ഥാനത്താണ്. മതഭ്രാന്തന്മാരുടെ നാട് എന്ന് നാം പരിഹസിക്കുന്ന അഫ്ഗാനിസ്ഥാനും താഴെയാണ് നമ്മുടെ സ്ഥാനം. കമ്മിറ്റി ടു പ്രൊട്ടക്ട്് ജേര്‍ണലിസ്റ്റ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു 2014 നു ശേഷം പതിനൊന്നോളം മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് ഇതോടൊപ്പം വായിക്കുക.
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന് പറഞ്ഞത് പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംഹരിക്കാനായി ഇറങ്ങിതിരിച്ചവര്‍ ആദ്യം ചെയ്യുക ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തലാണ്. ഈ കെട്ടകാലത്ത് മാധ്യമ ജാഗ്രത നമ്മുടെ ജനാധിപത്യത്തിന് അനിവാര്യമാണ്. ഒപ്പം, മാധ്യമങ്ങള്‍ക്ക് അവരുടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്താനുള്ള ജനകീയ ജാഗ്രതയും. ആവിഷ്കാര സ്വാതന്ത്ര്യം ജീവവായുവായി ഒരു ജനതയ്ക്ക് നല്കിയ ഭരണഘടനയാണ് നമ്മുടേത്. ജാഗ്രതയോടെ കണ്ണ് തുറന്നിരിക്കുന്ന മാധ്യമലോകം കൂടെയാണ് നമ്മുടെ ജനാധിപത്യത്തെ ജീവസ്സുറ്റതാക്കി നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യ ത്തിന്റെ ജിഹ്വകള്‍ അരിഞ്ഞുകളയാന്‍ ഒരുങ്ങുന്നവരെ ജനകീയമായി പ്രതിരോധിക്കുക എന്നത് നമ്മള് ഓരോരുത്തരുടേയും കടമയാണ്.