മുസാഫര്‍പൂര്‍: ജയ് ശ്രീറാം കൊലവിളിയായി മാറിയെന്നും രാജ്യത്ത് ദലിത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ച സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് കേന്ദ്ര സര്‍ക്കാര്‍.

അമ്പതോളം പേര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി എന്നിവര്‍ക്കെതിരേയും രാമചന്ദ്ഗ ഗുഹ, സംവിധായകന്‍ മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബംഗാള്‍, നടന്‍ സൗമിത്ര ചാറ്റര്‍ജി, അപര്‍ണാ സെന്‍ തുടങ്ങിയ അമ്പതോളം പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു സുധീര്‍ കുമാര്‍ എന്ന അഭിഭാഷകന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്തി തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. മതവികാരങ്ങളെ വ്രണപ്പെടുത്തുക, രാജ്യദ്രോഹം, അസമാധാനത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

വിഷയത്തില്‍ ഇടപെട്ടതിന് അടൂര്‍ ഗോപാല കൃഷ്ണനോട് ചന്ദ്രനില്‍ പോകാമായിരുന്നെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാല കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്.