UnlockMedia | Kerala's Best News Portal

പി.എം.സി ബാങ്ക് തട്ടിപ്പ്: മലയാളി എം.ഡി അറസ്റ്റില്‍

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മലയാളി എം.ഡി ജോയ് തോമസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സമന്‍സ് പ്രകാരം ഹാജരായ ജോയ് തോമസിനെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പൊലിസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്ക് മുന്‍ മാനേജിങ് ഡയരക്ടര്‍ ജോസഫ് തോമസിനെതിരേയും എച്ച്.ഡി.ഐ.എല്‍ പ്രമോട്ടര്‍മാരായ സാരങ് വാധവന്‍ രാഗേഷ് വാധവന്‍ എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ 2008 മുതല്‍ ബാങ്കിന്റെ നഷ്ടം 4,355.46 കോടി രൂപയാണെന്നാണ് പൊലിസ് കണ്ടെത്തല്‍.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എച്ച്.ഡി.ഐ.എല്‍ പ്രൊമോട്ടര്‍മാര്‍ ബാങ്ക് മാനേജ്‌മെന്റുമായി ഒത്തുചേര്‍ന്ന് ബാങ്കിന്റെ ബന്ദപ്പ് ബ്രാഞ്ചില്‍ നിന്ന് 4,300 കോടി വായ്‌പെടുത്ത് തട്ടിപ്പ് നടത്തിയെന്നും പൊലിസ് അറിയിച്ചു.

നേരത്തെ, ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പി.എം.സി ബാങ്കില്‍ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തിനുള്ളില്‍ ആയിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂവെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇതു പിന്നീട് പതിനായിരം രൂപ വരെയാക്കി.

Exit mobile version